കൊല്ലം: ഈഴവ സമുദായത്തിൽ നിന്ന് വർഷംതോറും 10 സിവിൽ സർവീസുകാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് പരീക്ഷാപരിശീലന സ്കോളർഷിപ്പിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയുടെ രണ്ടാംഘട്ട സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഭരണനിർവഹണ മേഖലയിലും സമുദായത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ എസ്.എൻ.ഡി.പി യോഗത്തിനോപ്പം എല്ലാ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും സമുദായ സ്നേഹികളും യോഗം പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ ഈ ലക്ഷ്യത്തിൽ എത്തിച്ചേരാനാവൂ. കഴിഞ്ഞവർഷം 20 സമർത്ഥരായ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇത്തവണ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിക്കൊണ്ട് നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് യോഗം പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ നടന്ന ചടങ്ങിൽ കോ ഓർഡിനേറ്റർ പി.വി.രജിമോൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി, അദ്ധ്യാപക രക്ഷാകർത്തൃ സംഗമം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഉഷ, ശ്രീനാരായണ എംപ്ലോയീസ് ഫോറം ട്രഷറർ ഡോ. എസ്. വിഷ്ണു, പെൻഷനേഴ്സ് കൗൺസിൽ ട്രഷറർ ഡോ. ആർ. ബോസ്, എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റുമാരായ ബൈജു ജി.പുനലൂർ, കെ.പി. ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് മയ്യനാട് ജെ.സിനോലിൻ, പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികളായ കായംകുളം എം. രവീന്ദ്രൻ, ചവറ ഗണേശ റാവു, എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.ജി. ഗോകുൽദാസ്, ചന്ദ്രപ്രകാശ്, ബിനുകുമാർ പാറശാല, എം.ടി. രാജാഭാസ്, എം ശ്രീലത, ബിന്ദു തിരുവല്ല, തട്ടാമല സന്തോഷ് കുമാർ, വിഷ്ണു രാജ്, പുനലൂർ ബിനുലാൽ, റിഷി നാരായണൻ, ജി. ചന്തു എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ് അജുലാൽ സ്വാഗതവും പെൻഷൻ കൗൺസിൽ പ്രസിഡന്റ് പ്രൊഫ. എം.ആർ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.