കൊല്ലം: കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ അവഗണിക്കാനാവാത്ത നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും തലപ്പത്ത് കാൽനൂറ്റാണ്ടു പിന്നിടുന്ന ശതാഭിഷിക്തനായ വെള്ളാപ്പള്ളി നടേശന് സ്നേഹാദരവ് അർപ്പിക്കാൻ കേരളകൗമുദി കൊല്ലം യൂണിറ്റ് എസ്.എൻ വനിതാ കോളേജ് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാൽനൂറ്റാണ്ടുകാലം അജയ്യനായി അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും നയിച്ചു. വലിയ വളർച്ചയാണ് ഈ കാലഘട്ടത്തിൽ യോഗത്തിനും ട്രസ്റ്റിനും ഉണ്ടായത്. സംഘടനാശക്തി വർദ്ധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ അത്ഭുതകരമായ മാറ്റമുണ്ടായി. കേരളീയ സമൂഹത്തിൽ ഇത്രയും നിറഞ്ഞു നിൽക്കുന്ന ഒരു സമുദായ നേതാവിനെ വേറേ കണ്ടുകിട്ടില്ല. സാമൂഹിക നവോത്ഥാന രംഗത്ത് അദേഹം ധീരതയോടെ മുന്നിൽ നിന്നു പ്രവർത്തിച്ചു. ബിസിനസിലൂടെ സ്വന്തമാക്കിയ പ്രൊഫഷണലിസം സമുദായ പ്രവർത്തനത്തിലും അദ്ദേഹം കാഴ്ച്ചവെച്ചു. കൂടുതൽ കരുത്തോടെ ഇനിയും ഏറെദൂരം മുന്നോട്ട് പോകാൻ അദേഹത്തിന് കഴിയും. ഗുരുദേവ ദർശനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്ന ആശയം ശക്തമാവുകയാണ്. ഇപ്പോൾ നമ്മൾ കാണുന്ന കോളേജുകളും യൂണിവേഴ്സിറ്റികളും എത്രകാലംകൂടി കാണും എന്ന് നിശ്ചയമില്ല. ശ്രീനാരായണ ദർശനങ്ങൾക്ക് പ്രചാരണം നൽകി കൂടുതൽ ഇടപെടലുകൾ നടത്തേണ്ട കാലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.