v

കൊല്ലം: സപ്ലൈകോയുടെ സേവനങ്ങൾ ആധുനികവത്കരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആനന്ദവല്ലീശ്വരത്ത് നവീകരിച്ച സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ആദിവാസി ഊരുകളിലും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും അവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്. ഒന്നരലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ അനർഹരുടെ കൈയിൽ നിന്ന് തിരികെ വാങ്ങാൻ കഴിഞ്ഞു. ഈ കാർഡുകളിൽ ഒരു ലക്ഷത്തി പത്തൊൻപതിനായിരത്തോളം എണ്ണം അർഹരായ സാധാരണക്കാർക്ക് വിതരണം ചെയ്തതായും അദേഹം വ്യക്തമാക്കി. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദ്യവില്പന നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡിവിഷൻ കൗൺസിലർ ബി. ശൈലജ, സപ്ലൈകോ റീജിയണൽ മാനേജർ വി. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.