കൊല്ലം: പിന്നാക്കക്കാരുടെയും അധഃസ്ഥിതരുടെയും പടവാളാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കേരളകൗമുദി കൊല്ലം യൂണിറ്റ് നൽകിയ ആദരവ് കൊല്ലം എസ്.എൻ വനിതാകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
'കേരളകൗമുദി സത്യത്തിന്റെയും നീതിയുടെയും വഴിയിലൂടെ മാത്രമാണ് സഞ്ചരിക്കുന്നത്. പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ നിലപാടുകൾ മാറ്റുന്നില്ല. കേരളകൗമുദിക്ക് ഒരു ധർമ്മമുണ്ട്. പിന്നാക്കക്കാർക്ക് നീതി ലഭ്യമാക്കുകയാണ് ആ ധർമ്മം. അവകാശങ്ങൾ നിഷേധിക്കപ്പെട്ട അവശ ലക്ഷങ്ങളുടെ നാവാണ് എസ്.എൻ.ഡിപി യോഗം. സംവരണം അടക്കമുള്ള പിന്നാക്കക്കാരുടെ പ്രശ്നങ്ങളിൽ കേരളകൗമുദി യോഗത്തിനൊപ്പം ശക്തമായി നിൽക്കുന്നു. യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർ കിണഞ്ഞ് പരിശ്രമിച്ചിട്ടും അസത്യങ്ങൾ പ്രചരിപ്പിക്കാൻ കേരളകൗമുദി തയ്യാറായിട്ടില്ല.
യോഗത്തിന്റെ പ്രവർത്തനത്തിൽ സജീവമാകുന്നതിന് മുമ്പുതന്നെ കേരളകൗമുദിയുമായി ബന്ധമുണ്ട്. എന്റെ എല്ലാ വളർച്ചയിലും വഴിയും വഴിവിളക്കുമായിരുന്നു കേരളകൗമുദി. ഞാൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡന്റായിട്ട് 57 വർഷമാകുന്നു. ക്ഷേത്രത്തിൽ നിലനിന്നിരുന്ന വേലപടയണി എന്ന ദുരാചാരം എങ്ങനെ നിറുത്തലാക്കാമെന്ന ഉപദേശം നൽകിയത് പത്രാധിപർ കെ. സുകുമാരനാണ്. ശിവഗിരി സംഭവങ്ങൾക്ക് പിന്നാലെ, നേതാവില്ലാത്ത സമുദായമെന്ന് ചിലർ ആക്ഷേപിച്ചപ്പോൾ എന്നെ എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തേക്ക് കൊണ്ടുവന്നതിലും കേരളകൗമുദി നിർണായക പങ്കുവഹിച്ചു.
എനിക്ക് രാഷ്ട്രീയമില്ല. സമുദായത്തിന് അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുകയാണ് എന്റെ നിലപാട്. അതാണ് എന്റെ രാഷ്ട്രീയം. ജാതിയും മതവും ഇല്ലെന്നു പറയുന്ന രാഷ്ട്രീയപ്പാർട്ടികൾ മാറിമാറി വന്നിട്ടും പിന്നാക്കക്കാരെ ശബരിമലയിൽ മേൽശാന്തിയാക്കാൻ തയ്യാറായില്ല. 96 ശതമാനം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡിൽ വീണ്ടും പത്ത് ശമതാനം മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം അനുവദിച്ചത് എന്ത് നീതിയാണ്?- വെള്ളാപ്പള്ളി ചോദിച്ചു.
സ്വീകരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ കേരളകൗമുദിയുടെ ഉപഹാരം വെള്ളാപ്പള്ളി നടേശന് സമ്മാനിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, എ. സോമരാജൻ എന്നിവർ സംസാരിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും പ്രത്യേക ലേഖകൻ സാം ചെമ്പകത്തിൽ നന്ദിയും പറഞ്ഞു.
ആർ. ശങ്കറിന്റെ അവസ്ഥ കെ. സുധാകരന് ഉണ്ടാകുമോ?
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായപ്പോൾ മതശക്തികളും സവർണ ശക്തികളും ഒന്നായിരിക്കുകയാണ്. മഹാനായ ആർ. ശങ്കറിന് ഉണ്ടായ ദുരന്തം സുധാകരന് ഉണ്ടാകുമോയെന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ല. ശങ്കറിനെ തകർക്കാൻ സവർണ ശക്തികളും മതശക്തികളും ഒന്നിച്ചു. ഇപ്പോൾ സുധാകരനെതിരെ ഒത്തുകൂടിയിരിക്കുന്ന ശക്തികൾ ആരാണ്? ശങ്കറിനെതിരായ ശക്തികൾ ഇപ്പോഴും നിലനിൽക്കുന്നു. പിന്നാക്കക്കാരെ വളരാൻ മുന്നാക്കക്കാരും മതശക്തികളും അനുവദിച്ചിട്ടില്ല.സി. കേശവനും സമാനമായ അനുഭവം ഉണ്ടായി. ഗൗരിഅമ്മയെ ജാതി പറഞ്ഞ് ഓടിച്ചു. അച്യുതാനന്ദനെയും പിണറായിയെയും ഇവർ ആക്ഷേപിച്ചില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.