കൊല്ലം: വേലിയേറ്റത്തിലും വെള്ളക്കെട്ടിലും വലയുന്ന മൺറോതുരുത്തിനെ റെയിൽവേ തുടർച്ചയായി അവഗണിക്കുന്നതിനാൽ ജനം വലയുന്നു. പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ലെന്നു മാത്രമല്ല നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും നടപടിയില്ല.
1988 ജൂലായ് 8ന് പെരുമൺ ട്രെയിൻ ദുരന്തത്തിന് ശേഷം മൺറോതുരുത്ത്, പെരുമൺ ഭാഗങ്ങളിൽ പശ്ചാത്തല വികസനം നടത്തുമെന്ന് റെയിൽവേ പലതവണ പ്രഖ്യാപിച്ചെങ്കിലും പേരിനുപോലും നടപടി ഉണ്ടായില്ല. നിലവിൽ, ഹാൾട്ട് സ്റ്റേഷൻ എന്ന നിലയിലുള്ള മൺറോതുരുത്ത് സ്റ്റേഷൻ വികസിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും അധികൃതർ അനങ്ങിയിട്ടില്ല. വേലിയേറ്റ ഭീഷണിയുൾപ്പെടെ നിലനിൽക്കുന്ന മൺറോതുരുത്തിൽ അവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം ഉൾപ്പെടെ നടത്തണമെങ്കിൽ റെയിൽവേ സ്റ്റേഷൻ വികസനവും സാദ്ധ്യമാകണം.
നിവേദനം നൽകി
മൺറോത്തുരുത്തിലെ യാത്രാദുരിതം അകറ്റാനും തുരുത്തിലെ ടൂറിസം വികസനത്തിനും അനിവാര്യമായ റെയിൽവേ സ്റ്റേഷൻ വികസനം, പട്ടംതുരുത്തിൽ റയിൽവേ അണ്ടർ പാസേജ് എന്നിവ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. മൺറോതുരുത്തിൽ നടപ്പാക്കേണ്ട നിരവധി ആവശ്യങ്ങൾ ഉയന്നയിച്ചുള്ള നിവേദനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ മൺറോതുരുത്ത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് കൈമാറി. കുന്നത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഡി. സുരേഷ് ആറ്റുപുറത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് സുഷമ, പഞ്ചായത്ത് സമതി പ്രസിഡന്റുമാരായ റിട്ട. ക്യാപ്റ്റൻ പി. സുദർശനൻ, ശ്യാമള വിജയൻ, വൈസ് പ്രസിഡന്റ് ജയന്തി, ജനറൽ സെക്രട്ടറി പി. മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, സൂരജ് സുവർണ്ണൻ തുടങ്ങിയവർ പങ്കെെടുത്തു.