ശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവിട്ട് ഭരണിക്കാവിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ് നിർമ്മിച്ചിട്ട് 3 വർഷമായിട്ടും ബസുകൾ കയറാതെ ഉപയോഗശൂന്യമായി കിടക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിരവധി പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. ഭരണിക്കാവ് ജംഗ്ഷനിൽ നിന്ന് ഇരുന്നൂറ് മീറ്റർ മാറിയാണ് ഈ ബസ് സ്റ്രാൻഡുള്ളത്. നാളുകൾക്ക് മുൻപ് പൊലീസും ഗതാഗതവകുപ്പും പഞ്ചായത്തും ഇടപെട്ട് സ്റ്റാൻഡിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. കുറച്ചുദിവസത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകളടക്കം സ്റ്റാൻഡിലേക്ക് പ്രവേശിച്ചെങ്കിലും വീണ്ടും കാര്യങ്ങൾ പഴയപടിയായി.
ഗതാഗതക്കുരുക്ക് രൂക്ഷം
ഭരണിക്കാവ് ജംഗ്ഷനിൽ ഇപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബസുകൾ ജംഗ്ഷനിൽ നിറുത്തി ആളെ കയറ്റുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഓണക്കാലത്ത് പൊലീസ് ഇടപ്പെട്ട് നടത്തിയ ട്രാഫിക് പരിഷ്കരണങ്ങളൊക്കെ ഓണം കഴിഞ്ഞതോടെ പഴയതുപോലായി. ബസുകൾ കയറാതായതോടെ സ്റ്റാൻഡും വിജനമായി. നിലവിൽ ചില സ്വകാര്യ ബസുകാർ വിശ്രമിക്കുവാൻ വേണ്ടി മാത്രമാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. സാമൂഹ്യവിരുദ്ധരും മേഖല കേന്ദ്രമാക്കിക്കഴിഞ്ഞു. അടിയന്തര ഇടപെടൽ വേണമെന്നും സ്റ്റാൻഡിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ബസ് സ്റ്റാൻഡ് പ്രവർത്തിക്കാതായതോടെ വ്യാപാര സ്ഥാപനങ്ങൾക്കായി പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ഉപയോഗ ശൂന്യമായിരിക്കുകയാണ്.
ഉദ്ഘാടനം 2014ൽ
എം.എൽ.എ ഫണ്ട് 70 ലക്ഷം
പഞ്ചായത്ത് 17 ലക്ഷം