v

2022നുള്ളിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ശുചിത്വപദവിയിലെത്തിക്കും

കൊല്ലം: സമ്പൂർണ്ണ ശുചിത്വപദവി കൈവരിക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചു. 2022നുള്ളിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഖരമാലിന്യ സംസ്‌കരണത്തിലൂടെ സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം. ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണം നൂറ് ശതമാനമാക്കാനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാനായി ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സഹകരണവും ഉറപ്പാക്കും.

തദ്ദേശ വാർഡുകളിൽ മിനി കളക്ഷൻ സെന്ററുകൾ, തദ്ദേശ സ്ഥാപനതലത്തിൽ മെ​റ്റീരിയൽ കളക്ഷൻ ഫെസിലി​റ്റി, ബെയിലിംഗ് മെഷീൻ, റിസോഴ്‌സ്‌ റിക്കവറി ഫെസിലി​റ്റി, വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം മെ​റ്റീരിയൽ കളക്ഷൻ ഫെസിലി​റ്റിയിലേക്ക് കൊണ്ടുപോകാൻ ഹരിതകർമ്മസേനയ്ക്ക് സ്വന്തം വാഹനം, സേനയ്ക്ക് ആവശ്യമായ സുരക്ഷ, ഓഫീസ് സംവിധാനം, എം.സി.എഫിൽ ടോയ്ലെ​റ്റ്, ഡ്രസിംഗ് റൂം, മാലിന്യ ശേഖരണത്തിനായി ട്രോളി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണം.

ഹരിതകർമ്മ സേനയ്ക്ക് വരുമാനം

സ്വയം സംരംഭ യൂണി​റ്റുകളായി പ്രവർത്തിക്കുന്ന ഹരിതകർമ്മസേന ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്ന പാഴ് വസ്തുക്കളുടെ വില അവർക്കുതന്നെ ലഭിക്കും. പ്ലാസ്​റ്റിക്കും മ​റ്റ് അനുബന്ധ മാലിന്യങ്ങളും എല്ലാ മാസവും വീടുകളിലെത്തി ശേഖരിക്കുന്നതിന് പുറമേ ഇലക്ട്രോണിക് മാലിന്യം, ചില്ല് മാലിന്യം, തുണി മാലിന്യം, പഴയ ചെരുപ്പ്, ബാഗ്, ട്യൂബ് ലൈ​റ്റ്, ബാ​റ്ററി, സി.എഫ്.എൽ തുടങ്ങിയവയും ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തരംതിരിച്ച് സൂക്ഷിക്കുന്ന പാഴ് വസ്തുക്കൾ കരാറിൽ ഏർപ്പെട്ട ക്ലീൻ കേരള കമ്പനിക്കോ സ്വകാര്യ സ്ക്രാപ്പ് ഏജൻസികൾക്കോ നൽകും

മാർഗനിർദേശങ്ങൾ

 ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക

 അജൈവമാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാൻ കൈമാറുക
 മാലിന്യ സംസ്‌കരണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുക
 പൊതുനിരത്തുകളും ജലാശയങ്ങളും മാലിന്യ മുക്തമാക്കുക

 ഹരിതചട്ടം പാലിക്കുക

 നിരോധിത ഉത്പന്നങ്ങൾ നിയന്ത്റിക്കുക

ആദ്യഘട്ടത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ


പുനലൂർ നഗരസഭ, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, പെരിനാട്, പനയം, നെടുമ്പന, പൂതക്കുളം, വെളിയം, കടയ്ക്കൽ, ഏരൂർ.