അറ്റകുറ്റപ്പണിക്ക് കെട്ടിയിട്ട യാത്രാബോട്ട് നശിക്കുന്നു
കൊല്ലം: ചെറിയ അറ്റകുറ്റപ്പണികളുടെ പേരിൽ കൊല്ലം ബോട്ട് ജെട്ടിയിൽ കെട്ടിയിട്ട, ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് നശിക്കുന്നു. അഞ്ചുവർഷമായി തുടരുന്ന 'ബന്ധന'ത്തിൽ നിന്ന് ബോട്ടിനെ മോചിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമില്ല.
കൊല്ലം- സാമ്പ്രാണിക്കോടി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബോട്ടാണിത്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബോട്ടിനു പകരം പുതിയ ബോട്ട് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ അറ്റകുറ്റപ്പണിക്കു കയറ്റിയ ബോട്ടിനെ അധികൃതർ മറന്നു. ഇതോടെ സീറ്റുകളും പ്ലാറ്റ്‌ഫോമുകളും നശിച്ചു. ചില സീറ്റുകൾ ഇളകിമാറി. ബോട്ടിന്റെ വശങ്ങളിൽ പുല്ലുകൾ വളർന്നു. ഇരുമ്പ് പട്ടകൾ തുരുമ്പ് കയറി നശിക്കുകയാണ്. കൊല്ലം സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽ നിന്നു നോക്കിയാൽ ബോട്ട് നശിക്കുന്നത് കാണാം. പക്ഷേ, ശാപമോക്ഷം നൽകാൻ ഒരു കത്തിടപാടു പോലും നടന്നിട്ടില്ലെന്നാണ് സൂചന. ആലപ്പുഴയിൽ കേവലം അഞ്ചുവർഷവും കൊല്ലത്ത് ഏകദേശം ഒരുവർഷവും മാത്രമാണ് ഈ ബോട്ട് സർവീസ് നടത്തിയത്. കാലപ്പഴക്കത്തിൽ ബോട്ടുകൾക്ക് സ്വാഭാവികമായ കേടുപാടുകൾ സംഭവിക്കാമെങ്കിലും അധികൃതരുടെ നിരുത്തരവാദിത്വം മൂലം ലക്ഷങ്ങളാണ് നശിക്കുന്നത്.
വെള്ളത്തിൽ വരച്ച വര!
ബോട്ട് ഇവിടെ കെട്ടി ഒരുവർഷം പിന്നിട്ടപ്പോൾ, അറ്റകുറ്റപ്പണിക്കു ശേഷം നിലവിലുള്ള റൂട്ടുകൾക്ക് പുറമെ പുതിയ റൂട്ടിൽ സർവീസ് നടത്തുമെന്നായിരുന്നു അന്നത്തെ വിശദീകരണം. ചന്തക്കടവ്, കുപ്പണ, മുക്കാട്, ശക്തികുളങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സാദ്ധ്യതാപഠനം നടത്തുമെന്നും ലാഭകരമായ രീതിയിൽ പുതിയ റൂട്ടുകൾ കണ്ടെത്തുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
കൃത്യ സമയത്തോ മുടങ്ങാതെയോ സർവീസുകൾ നടത്താൻ ജലഗതാഗതവകുപ്പിന് കഴിയുന്നില്ല. നിലവിലുള്ള ബോട്ടുകളുടെ സമയക്രമം പാലിക്കണം. നാശത്തിന്റെ വക്കിലുള്ള ബോട്ടിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണം
യാത്രക്കാർ