കൊല്ലം: കാലത്തിനൊത്ത് നവീകരിക്കപ്പെട്ട വിജ്ഞാന കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സിവിൽ സർവീസ് അക്കാഡമി കൊല്ലം സെന്ററുമായി സഹകരിച്ച് കുടുംബശ്രീ ബാലസഭാംഗങ്ങളായ 150 പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌​സ് പദ്ധതിയുടെ ഉദ്ഘാടനം ടി.കെ.എം ആർട്‌​സ് ആൻഡ് സയൻസ് കോളേജ് ഓഡി​റ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്റി. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന സ്​റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ചെറുപ്പക്കാരെ പ്രാപ്തരാക്കുന്ന തലത്തിലേക്ക് വിദ്യാഭ്യാസ രീതി വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഓർഡിനേ​റ്റർ വി.ആർ. അജു, ടി.കെ.എം കോളേജ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ, സിവിൽ സർവീസ് അക്കാഡമി കോ ഓർഡിനേ​റ്റർ പ്രൊഫ. എ. ഹാഷിമുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, ട്രസ്​റ്റ് അംഗം എം. ഹാറുൺ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബുനി, ജി. അരുൺ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.