കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പുസ്തകോത്സവം വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്റെ രാഷ്ട്രീയം അവന്റെ നിലപാടാണ്. സാധാരണക്കാരന്റെ ജീവിതം ആവിഷ്കരിക്കുന്നതിലൂടെ എഴുത്തുകാരൻ സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ഡോ. പി.കെ. ഗോപൻ വായനാമത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. എക്സിക്യുട്ടീവ് അംഗം എസ്. നാസർ, സംസ്ഥാന കൗൺസിൽ അംഗം ചവറ കെ.എസ്. പിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എസ്. ഷാജി, ജോയിന്റ് സെക്രട്ടറി പ്രൊഫ. ബി. ശിവദാസൻപിള്ള, എക്സിക്യുട്ടീവ് അംഗം എം. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി വികസന സമിതി കൺവീനർ ഡി. സുകേശൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം പി.ഉഷാകുമാരി നന്ദിയും പറഞ്ഞു. കേരളത്തിലെ അറുപതിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം 29ന് സമാപിക്കും. ജില്ലയിലെ എണ്ണൂറോളം ഗ്രന്ഥശാലകൾ പുസ്തകോത്സവത്തിൽ പങ്കെടുത്ത് ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റിൽ നിന്ന് പുസ്തകങ്ങൾ വാങ്ങും.