കരുനാഗപ്പള്ളി: റോഡിന്റെ പുനർ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം ശക്തം. നഗരസഭയുടെ പരിധിയിൽ വരുന്ന താലൂക്ക് ആശുപത്രി ജംഗ്ഷൻ - ഗ്യാസ് ഡിപ്പോ റോഡിന്റെ പുനർ നിർമ്മാണമാണ് കരാറുകാരന്റെ അനാസ്ഥമൂലം വൈകുന്നത്. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ പുനർ നിർമ്മാണത്തിനായി റിബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ ശ്രമ ഫലമായാണ് റോഡിന് പണം അനുവദിച്ചത്. നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ എഗ്രിമെന്റും വെച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം മാത്രം ആരംഭിച്ചിട്ടില്ല.
നിരവധിയാളുകളുടെ ആശ്രയം
രണ്ട് റീച്ചായാണ് റോഡിന്റെ നിർമ്മാണം നടത്തേണ്ടത്. റോഡിന്റെ മൊത്തം ദൈർഘ്യം 660 മീറ്റർ വരും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ആക്സിസ് ബാങ്ക്, ബി.എസ്.എൻ.എൽ ഓഫീസ്, ഗ്യാസ് ഗോഡൗൺ, ഡയാന ഐ.ടി.ഐ തുടങ്ങി നിരവധി സ്ഥാപനങ്ങൾ റോഡിന്റെ പരിധിയിൽ വരും. താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പുറത്തേക്കുള്ള കവാടം റോഡിന് അഭിമുഖമായിരിക്കും. 200 ഓളം കുടുംബങ്ങൾ റോഡിനെ ആശ്രയിക്കുന്നുണ്ട്.
അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല
ഒരു ദശാബ്ദത്തിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഇപ്പോൾ റോഡിന്റെ ടാറിഗ് ഇളകി കുണ്ടും കുഴികളുമാണ്. മഴയായാൽ റോഡ് കുളമാകും. അതോടെ ഇതുവഴി വാഹനങ്ങൾ വരാതെയാകും. അടുത്തിടെ നാട്ടുകാർ കെട്ടിട വേസ്റ്റുകൾ സംഭരിച്ച് നിരത്തിയാണ് റോഡിന്റെ കുഴികൾ അടച്ചത്. ഇപ്പോഴും റോഡ് വെള്ളക്കെട്ടാണ്. തുലാവർഷം ആരംഭിക്കുന്നതിന് മുമ്പ് റോഡിന്റെ പണി ആരംഭിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. മഴയുടെ പേരും പറഞ്ഞ് റോഡിന്റെ പണി കരാറുകാരൻ നീട്ടിക്കൊണ്ട് പോകയാണെന്നാണ് നാട്ടുകാരുടെ പരാതി.
കരുാഗപ്പള്ളി ടൗണിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് റോഡിന്റെ പുനർ നിർമ്മാണത്തിന് തുക അനുവദിച്ചത്. കരാറുകാരൻ നിർമ്മാണം നീട്ടി കൊണ്ട് പോകുന്നതിനാൽ വലയുന്നത് നാട്ടുകാരാണ്. പുനർ നിർമ്മാണം ഉടനെ ആരംഭിക്കണം.എൻ.ശിവരാജൻ, പൊതു പ്രവർത്തകൻ