തഴവ: അധികൃതരുടെ അനാസ്ഥയിൽ പ്രതിദിനം ലക്ഷക്കണക്കിന് രൂപ നികുതിയിനത്തിൽ സർക്കാരിന് നൽകിയിരുന്ന കേരഫെഡ് നാശത്തിലേക്ക്. ഏകദേശം 150 ടൺ പ്രതിദിന ഉത്പ്പാദനവും ഒരു കോടി രൂപ പ്രതിദിന വിറ്റുവരവുമുള്ള കേരഫെഡിൽ നിന്ന് ഒരു ദിവസം 15 ലക്ഷത്തോളം രൂപയാണ് നികുതിയിനത്തിൽ മാത്രം സർക്കാരിന് ലഭിച്ചിരുന്നത്. എന്നാൽ തൊഴിലാളി സമരത്തേ തുടർന്ന് കഴിഞ്ഞ ഇരുപത് ദിവസമായി ഫാക്ടറി അടഞ്ഞ് കിടന്നിട്ടും ഇത് പരിഹരിക്കുന്നതിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്.
കേരയെ തകർക്കാൻ
1992 ൽ സ്ഥാപിച്ച കേരഫെഡ് കുറഞ്ഞ സമയത്തിനുള്ളിലാണ് വിപണിയിൽ അസാധാരണമായ വിശ്വാസ്യത നേടിയെടുത്തത്. അതോടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ കേര എന്ന പേര് ഉൾപ്പെടുത്തി വെളിച്ചെണ്ണ വിൽപ്പനയ്ക്കെത്തിച്ചെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന നാൽപ്പതോളം സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ നിലവിലെ സമരം ദിവസങ്ങൾ നീണ്ടതോടെ സ്വകാര്യ സ്ഥാപനങ്ങൾ കേരയെ തകർക്കാൻ വിപണിയിൽ തലയുയർത്തിക്കഴിഞ്ഞു. സ്ഥാപനം ആരംഭിച്ചപ്പോൾ കാഷ്വൽ ലേബർ എന്ന പേരിലാണ് തൊഴിലാളികളെ താത്ക്കാലികമായി നിയമിച്ചത്. പിന്നീട് വർക്കർ തസ്തികയിൽ സ്ഥിരപ്പെടുത്തിയെങ്കിലും തസ്തികയ്ക്ക് യോജ്യമായ തരത്തിൽ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്തുന്നതിനോ, മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനോ മാനേജ്മെന്റ് തയ്യാറായില്ല. മാത്രമല്ല വർക്കർ തസ്തികയിൽ തന്നെ തൊഴിലാളികൾ പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇവർ ഗ്രേഡ് മാറ്റമില്ലാതെ തുടരുകയാണ്.
കണ്ണുതുറക്കാതെ മാനേജ്മെന്റ്
സംസ്ഥാനത്തെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലും പതിനൊന്നാം ശമ്പള കമ്മിഷൻ പ്രാബല്യത്തിലായി നാളുകൾ പിന്നിടുമ്പോഴും കേരഫെഡ് പത്താം ശമ്പള കമ്മിഷനിൽ തുടരുന്ന സ്ഥിതിയാണ്. ഇത് സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകൾ സർക്കാരിൽ സമർപ്പിക്കുന്നതിൽ മാനേജ്മെന്റ് അനാസ്ഥ തുടരുന്നതാണ് പ്രതിസസിയ്ക്ക് കാരണമായത്. ഇത്തരം വിഷയങ്ങളിൽ തൊഴിലാളികളെ പരിഗണിക്കണമെന്ന ആവശ്യം വ്യാപകമാകുമ്പോഴും മാനേജ്മെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്ന അവസ്ഥയാണ്.