പരവൂർ: പരവൂരിലും പൂതക്കുളത്തും സ്കൂളുകൾ വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങി. നഗരസഭാ പരിധിയിൽ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ 10 സ്കൂളുകളും പൂതക്കുളും പഞ്ചായത്ത് പരിധിയിൽ 6 സ്കൂളുകളുമാണുള്ളത്.
ഒന്നരവർഷമായി അടഞ്ഞുകിടന്നിരുന്നതിനാൽ പുല്ലുമൂടിയ പരിസരം ശുചീകരണ തൊഴിലാളികളും ഹരിതകർമസേന പ്രവർത്തകരും അദ്ധ്യാപകരും പി.ടി.എയും ഒരുമിച്ചാണ് വൃത്തിയാക്കിയത്. പരിസത്തെ കാടുകൾ വെട്ടിത്തെളിച്ചു. വാട്ടർ ടാങ്കുകൾ വൃത്തിയാക്കി. കിണറുകളിൽ ക്ലോറിനേഷൻ നടത്തി. പമ്പ് സെറ്റും വാട്ടർ ടാങ്കുകളും ഇല്ലാതിരുന്ന നഗരസഭ പരിധിയിലെ സ്കൂളുകളിൽ നഗരസഭ തനതു ഫണ്ടിൽ നിന്ന് പണം ചെലവാക്കി പുതിയവ വാങ്ങിവച്ചു.
അദ്ധ്യയനം ആരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ സ്കൂളിലും പി.ടി.എ യോഗം ചേർന്നിരുന്നു. പൂതക്കുളം ഗവ. എച്ച്.എസ്.എസിൽ പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി.സി കഴിഞ്ഞ ആഴ്ച നിറുത്തി. സ്കൂളിലെ ക്ലാസ് മുറികളും കിണറും ടാങ്കും പരിസരവും പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. സ്കൂളിൽ അവസാനഘട്ട മിനുക്കുപണികളാണ് നടക്കുന്നത്