പടിഞ്ഞാറേകല്ലട : കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെള്ളക്കെട്ടായി മാറിയ ഐത്തോട്ടുവയിൽ ജനങ്ങളുടെ പരാതിയും കേരളകൗമുദി വാർത്തയും പരിഗണിച്ച് കഴിഞ്ഞദിവസം കൊല്ലം മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആഴ്ചകളായി കെട്ടിക്കിടക്കുന്ന ദുഷിച്ച വെള്ളം ജനങ്ങളുടെപ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതടക്കമുള്ള ദൈനം ദിന ജീവിതത്തെ വളരെയേറെ ബാധിച്ചിരിക്കുകയാണ്. കൂടാതെ വ്യാപക കൃഷിനാശവും സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതയുമുണ്ട് . കൊല്ലം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡി .രാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.ഉഷ, ഓവർസിവർ അജയൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക കുമാരി , എൻ.ശിവാനന്ദൻ കർഷകസംഘം പ്രതിനിധികളായ പഞ്ചവടി സുന്ദരേശൻ, കിടങ്ങിൽ മഹേന്ദ്രൻ ,ഷൈലജൻ, പി.ടി.ഗിരീശൻ , അജിത്ത് ചാപ്രായിൽ ,പ്രസന്നൻ , പ്രസാദ് ,എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട 11 തോടുകളിലെ വെള്ളം ഒഴുകുന്നതിന് തടസമായി അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. കൂടാതെ പ്രദേശത്തെ കുറിച്ച് പഠിച്ച് ഒരു വിശദപഠനം നടത്തുന്നതോടൊപ്പം പഞ്ചായത്ത് തലത്തിൽ ആവശ്യമായ ചർച്ചകൾ നടത്തിയശേഷം ഒരു പദ്ധതി രൂപരേഖ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും.
ഡി.രാജൻ എക്സിക്യൂട്ടീവ് എൻജിനീയർ ,
മൈനർ ഇറിഗേഷൻ കൊല്ലം