clpana-
മിനി ഓഡിറ്റോറിയത്തിന്റെയും പ്രണവം ഓർക്കസ്ട്ര ആൻഡ് ഇവന്റസിന്റെയും ഉദ്ഘാടനം ക്ളാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിർവഹിക്കുന്നു

കരുനാഗപ്പളി: ഓഡിറ്റോറിയം വാടക മറന്ന് വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും കലാപരിപാടികളുമൊക്കെ സംഘടിപ്പിക്കാൻ ഒരിടമായി. ക്ളാപ്പന പഞ്ചായത്ത് 15-ാം വാർഡിൽ (ആയിരംതെങ്ങ്) ഇന്നലെ ഉദ്ഘാടനം ചെയ്ത മിനി ഓഡിറ്റോറിയമാണ് (പ്രണവം ആർക്കേഡ്) നാടിനായി സമർപ്പിച്ചിരിക്കുന്നത്.

മൂന്നരപ്പതിറ്റാണ്ടു നീണ്ട പൊലീസ് സേവനത്തിനു ശേഷം കോസ്റ്റൽ പൊലീസ് എസ്.ഐ ആയി വിരമിച്ച ആയിരംതെങ്ങ് 'പ്രണവ'ത്തിൽ എസ്. ഉണ്ണിക്കൃഷ്ണനാണ് നാടിനു വേണ്ടി മിനി ഓഡിറ്റോറിയം നിർമ്മിച്ചു നൽകിയത്. ഇവന്റ് മാനേജ്മെന്റ്, കാറ്ററിംഗ് ജോലികളും ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ നല്ലൊരു ഗായകൻ കൂടിയാണ്. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് മിനി ഓഡിറ്റോറിയമെന്ന ആശയമുദിച്ചത്. വീടിനടുത്തുള്ള സ്വന്തം പുരയിടത്തിൽ ഓഡിറ്റോറിയം പൂർത്തിയാക്കി. 250 പേരെ ഉൾക്കൊള്ളാൻ കഴിയും.

വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ ആവശ്യപ്പെടുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സദ്യ ഒരുക്കിക്കൊടുക്കാനും ഉണ്ണിക്കൃഷ്ണൻ തയ്യാറാണ്. കൊല്ലം മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ഇദ്ദേഹം, സർവീസിലിരിക്കുമ്പോഴും ഗായകനായി വേദികളിൽ തിളങ്ങിയിട്ടുണ്ട്. 'പ്രണവം ഓർക്കസ്ട്ര ആൻഡ് ഇവന്റ്' എന്ന പേരിൽ ഒരു ഗായകസംഘത്തിനും രൂപം നൽകി. പ്രളയകാലത്തുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഈ മുൻ പൊലീസ് ഉദ്യോഗസ്ഥൻ.

ഇന്നലെ നടന്ന ചടങ്ങിൽ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഓഡിറ്റോറിയത്തിന്റെയും പ്രണവം ഓർക്കസ്ട്രയുടെയും ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.നകുലൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി, ക്ലാപ്പന വള്ളിക്കാവ്‌ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി ഡോ.കെ.ജി.മോഹൻ, കൊല്ലം മുഹമ്മദ് റഫി, പ്രസിഡന്റ് ഡോ.ഡി.സോമൻ എന്നിവർ സംസാരിച്ചു. എസ്. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സി.എൻ.ആർ.എ സെക്രട്ടറി ശ്യാം നന്ദിയും പറഞ്ഞു.