phot
കൂറ്റൻ കാട് വളർന്ന് ഇറങ്ങിയ ചാലിയക്കര-മാമ്പഴത്തറ വന പാത.

പുനലൂർ: പട്ടാപ്പകൽ പോലും വന്യമൃഗങ്ങൾ ഇറങ്ങി നിൽക്കുന്ന ചാലിയക്കര - മാമ്പഴത്തറ വന പാതയോരത്തെ കാട് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. പാതയിലെ ഉപ്പുകുഴി മുതൽ മാമ്പഴത്തറ വരെയുള്ള അഞ്ച് കിലോ മീറ്ററോളം ദൂരത്തെ പാതയോരത്താണ് കൂറ്റൻ കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിയിരിക്കുന്നത്. പാതയോട് ചേർന്ന കാട്ടിൽ കാട്ടാന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കണ്ട് കാൽ നടയാത്രക്കാർ ഓടി രക്ഷപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ട്.

നടപടിയെടുക്കാതെ അധികൃതർ

തെന്മല ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലൂടെയാണ് വന പാത കടന്ന് പോകുന്നത്. പാതയോരത്തെ കൂറ്റൻ കാട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വനം, പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായില്ല. പട്ടാപ്പകൾ പോലും ജീവൻ പണയപ്പെടുത്തിയാണ് യാത്രക്കാർ ഇത് വഴി കടന്ന് പോകുന്നത്. പാതയിൽ പകൽ കാട്ടാന ഇറങ്ങി നിൽക്കുന്നത് കാരണം പലപ്പോഴും ഗതാഗതത്തിന് ഭീഷണിയാണ്. മാമ്പഴത്തറയിൽ നിന്ന് ഉപ്പുകുഴി, ചാലിയക്കര, വിളക്കുവെട്ടം,നെല്ലിപ്പള്ളി, പുനലൂർ‌ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ കടന്ന് പോകുന്ന വന പാതയോരത്താണ് കൂറ്റൻ കാട് വളർന്നിരിക്കുന്നത്.