കൊട്ടാരക്കര: നാലാം ക്ളാസിൽ പഠിക്കുന്ന കാലത്ത് ചെയ്യാത്ത കുറ്റത്തിന് അദ്ധ്യാപകൻ ശിക്ഷിച്ചതിൽ പ്രതിഷേധിച്ച് പഠനം ഉപേക്ഷിച്ച ഗോപി പിന്നീട് ആനപ്പ്രേമിയായി മാറി. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് കിഴക്ക് പൊല്ലകത്തറ വീട്ടിൽ കറുത്ത കുഞ്ഞിന്റെയും കൊച്ചിലയുടെയും മകനായ ഗോപി 14-ാം വയസിൽ മദിമളകിയ ആനയെ നിയന്ത്രിച്ചത് ചരിത്രകഥ. ഹരിപ്പാട് സുബ്രഹ്മണണ്യ സ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ആറന്മുളയിൽ നിന്നെത്തിയ ആന ഓർക്കാപ്പുറത്ത് ഇടഞ്ഞു, പാപ്പാൻമാരെ അനുസരിക്കാതെ ഓടി. ആഞ്ഞിലിമൂട്ടിൽ കടവിൽ ഇടഞ്ഞ ആന പറയങ്കരി കടവിന് സമീപം രണ്ടു ചെറിയ വീടുകൾ കുത്തിമറിച്ച ശേഷം റോഡിൽ കയറി എണ്ണക്കാട് വഴി നീങ്ങി. ഈ സമയം പറയങ്കരി കടവിനു സമീപം സൂഹൃത്ത് സുലൈമാനുമൊത്ത് കന്നുപൂട്ടുകയായിരുന്ന ഗോപി ആനക്കൊപ്പം ഓടി. ഇടഞ്ഞു നിന്ന ആനയെ ഗോപി എന്ന പതിന്നാലുകാരൻ നിയന്ത്രിച്ചു നിറുത്തുകയും സമീപത്തെ മരക്കാർശ്ശേരിൽ ശ്രീധരകുറുപ്പിന്റെ പറമ്പിലെ തെങ്ങിൽ തളക്കുകയും ചെയ്തു. ഗോപിയുടെ ആന പ്രേമം അവിടെ തുടങ്ങി. പലയിടങ്ങളിലും വിരണ്ടോടിയ ആനക്കൊമ്പന്മാരെ ഗോപി തളച്ചിട്ടുണ്ട്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി രജിസ്ട്രാർ രമണി കൊട്ടാരക്കര കൃഷ്ണൻകുട്ടി എന്ന മഹാഗണപതി ക്ഷേത്രം വക ആനയുടെ ചുമതലക്കാരനായി ഗോപിയെ നിയമിച്ചു. കൊട്ടാരക്കര കൃഷ്ണൻകുട്ടി എന്ന ആന അവശതയിൽ തളർന്നു വീഴുമ്പോഴും ശുശ്രൂഷ നൽകിയത് ഗോപിയാണ്. നീണ്ട 61 വർഷത്തെ ആന പരിചരണത്തിന് ശേഷം ഇന്നും ആനകളെ പരിചരിക്കാനുള്ള ആഗ്രഹവുമായാണ് ഗോപി കഴിയുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ ഗോപി 23 വർഷമായി ഭാര്യ ചെല്ലമ്മയക്കും മക്കൾക്കുമൊപ്പം കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇ.ടി.സിയിൽ ചരുവിളപുത്തൻവീട്ടിലാണ് താമസം.