പുനലൂർ: ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഡിപ്പോ ഉപരോധിച്ചു. തുടർന്ന് ഉയർന്ന് ഉദ്യോഗസ്ഥരുമായി മൊബൈൽ ഫോൺ വഴി നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് മുതൽ കൺസഷൻ നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലെല്ലാം ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകിയിരുന്നു. എന്നാൽ കൊവിഡിന് ശേഷം സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ കൺസഷൻ ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും അധികൃതർ നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി, യുവജന സംഘടകളുടെ നേതൃത്വത്തിൽ ബസ് ഡിപ്പോ ഉപരോധിച്ചത്. എ.ഐ..വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ഐ.മൺസൂർ, പഞ്ചായത്ത് അംഗം സിബിൽ ബാബു,ശ്രീദേവി പ്രകാശ്,എബി നാഗമല,ഷെമീജ്,ബിജേഷ്, രാജേന്ദ്രൻ, അഖിൽ, അർച്ചന തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.