കൊല്ലം: സ്വകാര്യ ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥികളും വിവാഹിതകളുമായ രണ്ടു യുവതികളെ കാണാതായി രണ്ടു ദിവസം പിന്നിട്ടിട്ടും യാതൊരറിവുമില്ല.

കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21കാരിയെയും ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശിയായ 18കാരിയെയുമാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു മുതൽ കാണാതായത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എല്ലാദിവസവും വൈകിട്ട് ആറോടെ വീട്ടിലെത്തുമായിരുന്ന ഇവർ ശനിയാഴ്ച ഏറെ വൈകിയും എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. ഉടൻ തന്നെ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇവരെ സ്ഥിരമായി വിളിച്ചവരുടെയും സമൂഹമാദ്ധ്യമങ്ങളിൽ സന്ദേശം അയച്ചവരുടെയും ഫോൺ നമ്പരുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആൽബം, സീരിയൽ, സിനിമ മേഖലകളിൽ അവസരങ്ങൾ നൽകാമെന്നും മറ്റും പറഞ്ഞ് ചിലർ ഫോട്ടോഷൂട്ട് നടത്തിയതായും ഒട്ടേറെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ യുവതികൾ പോസ്റ്റ് ചെയ്തിട്ടുള്ളതായും കണ്ടെത്തി. പലരുമായും ഇവർ ചാറ്റ് ചെയ്യാറുണ്ടെന്നും പൊലീസ് പറയുന്നു. ഫോട്ടോ ഷൂട്ടിന്റെ പേരിൽ പെൺകുട്ടികളെ കെണിയിലാക്കുന്ന സംഘങ്ങളെപ്പറ്റി പൊലീസിന് നേരത്തെ പരാതികൾ ലഭിച്ചിട്ടുണ്ട്. കാണാതായ യുവതികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇടയ്ക്ക് മൊബൈൽ ഓണാക്കിയപ്പോൾ തിരുവനന്തപുരം കാപ്പിൽ ഭാഗമാണ് ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.