വേസ്റ്റ് സംഭരണ കരാർ ഒപ്പിടൽ വൈകിപ്പിക്കുന്നു
കൊല്ലം: നഗരസഭയ്ക്ക് ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന കോഴി വേസ്റ്റ് സംഭരണ കരാർ ഒപ്പിടുന്നത് വൈകിപ്പിച്ച് നഗരസഭ. കരാറിനെതിരെ ചിലർ കോടതിയെ സമീപിച്ചെന്ന പേരിലാണ് നഗരസഭ നടപടികൾ നീട്ടുന്നത്. എന്നാൽ നഗരസഭയുടെ മെല്ലെപ്പൊക്ക് മുതലെടുത്ത് സ്വകാര്യ ഏജൻസികൾ കോഴി വേസ്റ്റ് ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയാണ്. ഇവരെ സഹായിക്കാനാണ് നഗരസഭ നടപടികൾ വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
നഗരസഭ വർഷം 10 ലക്ഷം രൂപയെങ്കിലും വരുമാനം പ്രതീക്ഷിച്ചാണ് കോഴി വേസ്റ്റ് സംഭരണത്തിന്റെ കരാർ ക്ഷണിച്ചത്. വൻ ലാഭമുള്ള ഇടപാടായതിനാൽ വലിയ മത്സരം നടന്നു. ചവറയിലുള്ള ഏജൻസി ക്വാട്ട് ചെയ്ത 72 ലക്ഷം ആയിരുന്നു ഏറ്റവും ഉയർന്ന തുക. എന്നാൽ ഈ തുകയ്ക്ക് കരാർ ഉറപ്പിക്കുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചു. കരാർ നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കോടതിയിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് മുന്നോട്ട് പോകാമെങ്കിലും കഴിഞ്ഞ ഒരുമാസമായി നടപടികൾ സ്തംഭിപ്പിച്ചിരിക്കുകയാണ്.
നഗരസഭ ബോർഡ് വച്ച് കൊള്ള
കോഴി വേസ്റ്റ് വഴിയരികിൽ തള്ളുന്നത് തടയാൻ, ഇവ നഗരസഭയുടെ നേതൃത്വത്തിൽ സംഭരിക്കാനുള്ള അനുമതി സ്വകാര്യ വ്യക്തിക്ക് നൽകിയിരുന്നു. നഗരസഭയ്ക്ക് നയാ പൈസ വരുമാനമില്ലാത്ത ഈ അനുമതിയുടെ കാലാവധി എട്ടുമാസം മുൻപ് അവസാനിക്കുകയും ചെയ്തു. എന്നാൽ നഗരസഭയുടെ ബോർഡ് വച്ച വാഹനത്തിൽ നഗരത്തിന് പുറത്ത് നിന്നു കോഴി വേസ്റ്റ് സംഭരിക്കുകയാണ്. കോഴിക്കടകളിൽ നിന്നു വൻതുക വാങ്ങിയാണ് സംസ്കരണത്തിനെന്ന പേരിൽ സംഭരിക്കുന്നത്. 9,000 മുതൽ 15,000 രൂപ വരെയാണ് ഓരോ കടകളിൽ നിന്നും വാങ്ങുന്നത്. മാലിന്യം എത്തിക്കുമ്പോൾ തമിഴ്നാട്ടിലെ വളനിർമ്മാണ ഫാക്ടറികളും പണം നൽകും.
ചങ്ങലയിട്ടത് മുൻ കളക്ടർ
കടകളിൽ നിന്നു ശേഖരിക്കുന്ന കോഴിവേസ്റ്റ് പലപ്പോഴും സ്വകാര്യ ഏജൻസികൾ കന്റോൺമെന്റ് മൈതാനത്ത് ഉപേക്ഷിക്കുമായിരുന്നു. ഇതിനെതിരെ പരാതി ലഭിച്ചതോടെ അന്നത്തെ കളക്ടർ അബ്ദുൾ നാസർ വിവരങ്ങൾ ആരാഞ്ഞു. നഗരസഭയ്ക്ക് വരുമാനം ലഭിക്കാത്തതിന് പുറമേ സംസ്കരണത്തിനുള്ള സംവിധാനവും ഉറപ്പാക്കാതെയായിരുന്നു നഗരസഭ കോഴിവേസ്റ്റ് സംഭരണത്തിന് സ്വകാര്യ ഏജൻസിക്ക് അനുമതി നൽകിയത്. ഈ അനുമതി റദ്ദാക്കി നഗരസഭയ്ക്ക് വരുമാനം ലഭിക്കുന്നതിനൊപ്പം ശാസ്ത്രീയ സംസ്കരണവും ഉറപ്പാക്കുന്ന കരാർ വിളിക്കാൻ കളക്ടർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം മുൻപ് തുടങ്ങിയ കോഴി വേസ്റ്റ് സംഭരണ കരാർ നടപടിയാണ് ഇപ്പോഴും എങ്ങുമെത്താതെ നിൽക്കുന്നത്
............
കരാറുമായി ബന്ധപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
എ.എസ്. ശ്രീകാന്ത്, അഡീഷണൽ സെക്രട്ടറി