കൊട്ടാരക്കര: ആർ.ശങ്കറിന്റെ 49-ാം ചരമ വാർഷികം നവംബ‌ർ 7ന് ഗുരുധർമ്മ പ്രചാരണ സംഘം വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി പത്തുകേന്ദ്രങ്ങളിൽ നിന്ന് വിദ്യാഭ്യാസ സംരക്ഷണ ജാഥകൾ പുറപ്പെടും. ജാഥകൾ കൊല്ലം ശങ്കേഴ്സ് ആശുപത്രി അങ്കണത്തിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് ചിന്നക്കടയിലുള്ള ആർ.ശങ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തും. കൊല്ലം പ്രസ് ക്ളബ്ബിൽ ആർ.ശങ്കർ ജീവചരിത്ര സെമിനാർ നടക്കുമെന്ന് സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അറിയിച്ചു. കൊട്ടാരക്കരയിൽ നടന്ന ആലോചനാ യോഗത്തിൽ ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.സ്വാമിനാഥൻ, ഓടനാവട്ടം എം.ഹരീന്ദ്രൻ, ശാന്തിനി എസ്. കുമാരൻ,വർക്കല മോഹൻദാസ്, പാത്തല രാഘവൻ, ഉമാദേവി, പുതുക്കാട്ടിൽ വിജയൻ, തൊടിയൂർ വിജയൻ, തൊടിയൂർ സുലോചന, ലതികാ ,രാജൻ എന്നിവർ സംസാരിച്ചു.