കരുനാഗപ്പള്ളി : നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ച് തുടങ്ങി. ആദ്യ ദിവസം തന്നെ 127 പരാതികൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് ലഭിച്ചു. നഗരസഭ ഒന്നാം ഡിവിഷനിലെ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നിന്നുമാണ് നഗരസഭ ചെയർമാൻ അദാലത്ത് ആരംഭിച്ചത്. തുടർന്ന് മരുതൂർകുളങ്ങര ഗവ. എൽ .പി. എസ്, ആലപ്പാട് ഗവ. എൽ. പി .എസ്, എൻ.എസ്.എസ് കരയോഗ മന്ദിരം, മുപ്പത്തിരണ്ടാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിലും ചെയർമാൻ നേരിട്ടെത്തി പരാതികൾ സ്വീകരിച്ചു. വൈസ് ചെയർ പേഴ്സൺ സുനിമോൾ, പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എം. ശോഭന, നഗരസഭാ സെക്രട്ടറി ഫൈസൽ, വാർഡ് കൗൺസിലർമാരായ സീമാസഹജൻ, എം. അൻസാർ, പുഷ്പാംഗദൻ, സതീഷ് തേവനത്ത്, ശ്രീഹരി, ശിബു എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. വാർഡ് തലത്തിൽ നടക്കുന്ന അദാലത്തുകൾ വഴി ലഭിക്കുന്ന പരാതികൾ നവംബർ 5 മുതൽ നഗരസഭയിൽ നടക്കുന്ന മെഗാ അദാലത്തിൽ തീർപ്പാക്കും. നഗരസഭയിൽ അപേക്ഷ നൽകിയിട്ടും വിവിധ കാരണങ്ങളാൽ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സംബന്ധിച്ച അപേക്ഷകൾ പൊതുജനങ്ങൾ നഗരസഭാ ചെയർമാന് നേരിട്ട് നൽകാവുന്നതാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.