pho
ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലത്തിൻെറ പടിഞ്ഞാറ് ഭാഗത്തെ കവാടം അടച്ച് പൂട്ടിയ നിലയിൽ

പുനലൂർ: സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും ചരിത്ര സ്മരകമായ പുനലൂർ തൂക്ക് പാലം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. തൂക്ക് പാലം തുറക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കൊവിഡിനെ തുടർന്ന് ഒന്നര വർഷം മുമ്പ് അടച്ച് പൂട്ടിയ തൂക്ക് പാലത്തിന്റെ കിഴക്ക് ഭാഗത്തെ കവാടം തുറന്നെങ്കിലും കെ.എസ്.ആർ.ടി.സി മൈതാനത്തിനോട് ചേർന്ന പ്രധാന കവാടം തുറക്കാത്തതാണ് പ്രതിഷേധം ശക്തമാകുന്നത്.

തൂക്ക് പാലത്തിന്റെ രണ്ട് കവാടങ്ങളും തുറന്നെങ്കിലെ ടൂറിസ്റ്റുകൾക്ക് പാലത്തിലൂടെ നടന്ന് ദൃശ്യ ഭംഗി നുകരാൻ കഴിയുകയുള്ളൂ. പാലത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി കയറുന്ന സഞ്ചാരികൾ തൂക്ക് പാലവും കണ്ട് വീണ്ടും അത് വഴി തന്നെ തിരികെ മടങ്ങേണ്ട സ്ഥിതിക്ക് മാറ്റം വരുത്തണമെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്. ദിവസവും ടൂറിസ്റ്റുകളുടെ നല്ല തിരക്ക് അനുഭവപ്പെടുന്നെങ്കിലും കെ.എസ്.ആർ.ടി.മൈതാനിയിൽ എത്തുന്നവർ സമീപത്തെ വലിയ പാലത്തിലൂടെ നടന്ന് വേണം കിഴക്ക് ഭാഗത്തെ കവാടത്തിലെത്താൻ. തൂക്ക് പാലം കണ്ട ശേഷം തിരികെ മടങ്ങേണ്ടതും അത് വഴി തന്നെയാണ്. കൊവിഡ് വ്യാപനങ്ങൾക്ക് മുമ്പ് തൂക്ക് പാലത്തിന്റെ രണ്ട് കവാടങ്ങളും തുറന്ന് നൽകിയിരുന്നു. ഇപ്പോൾ ഒരു കവാടം മാത്രം തുറന്നതോടെ കുടുംബ സമേതം എത്തുന്നവർക്ക് തൂക്ക് പാലത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളിൽ നിന്നും സെൽഫിയെടുക്കാനോ, ആസ്വദിക്കാനോ കഴിയാത്തത് കടുത്ത നിരാശക്ക് കാരണമായി .

സഞ്ചാരികളെ ആകർഷിക്കാൻ

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലുള്ള തൂക്ക് പാലം മൂന്ന് വർഷം മുമ്പാണ് നവീകരിച്ച് മോടി പിടിപ്പിച്ച ശേഷം തുറന്ന് നൽകിയത്.അന്ന് മുതൽ തൂക്ക് പാലത്തിന്റെ രണ്ട് കവാടങ്ങളും തുറന്ന് നൽകിയിരുന്നു.തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തൂക്ക് പാലത്തിന്റെ ഒരു കവാടം മാത്രമാണ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകുന്നത്. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കരിങ്കല്ലിൽ തീർത്ത രണ്ട് കൂറ്റൻ ആർച്ചുകളിലായി രണ്ട് കൂറ്റൻ ചങ്ങലകളിലാണ് തൂക്ക് പാലം തൂക്കിയിട്ടിരിക്കുന്നത്. ഇതാണ് പാലം സഞ്ചാരികളെ ഏറെ ആക‌ർഷിക്കാൻ മുഖ്യകാരണം.