f

ജോലി പോകുന്നത് 230 പേർക്ക്

കൊല്ലം: കൊവിഡ് കത്തിനിന്ന സമയത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ആശുപത്രികളിൽ പണിയെടുത്ത ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള താത്കാലിക ജീവനക്കാരെ (കൊവിഡ് ബ്രിഗേഡ്) പൂർണമായി പിരിച്ചുവിടാനുള്ള തീരുമാനം പാരിപ്പള്ളി മെഡി. ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും കൊവിഡ് ചികിത്സയെ പ്രതിസന്ധിയിലാക്കും. നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിച്ച ഇവരെ ഈ മാസം ഒന്നു മുതലാണ് പിരിച്ചുവിടാൻ തുടങ്ങിയത്. 31 ഓടെ ഐ.സി യൂണിറ്റുകളിൽ ഡ്യൂട്ടിയിലുള്ളവരെയും പിരിച്ചുവിടണമെന്നാണ് നിർദ്ദേശം.

സാമ്പത്തിക ബാദ്ധ്യതയും കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതുമാണ് കാരണം. വേതനത്തിന്റെ 52 ശതമാനം കേന്ദ്രവും 48 ശതമാനം സംസ്ഥാനവുമാണ് വഹിച്ചിരുന്നത്. കൊവിഡ് കുറഞ്ഞു തുടങ്ങിയപ്പോൾത്തന്നെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതുകൂടി സംസ്ഥാനം വഹിക്കേണ്ടി വന്നു. ഇതോടെയാണ് പിരിച്ചുവിടൽ ആരംഭിച്ചത്. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ നിലവിൽ നൂറോളം കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 26 പേർ ഐ.സി.യുവിലാണ്. ജില്ലാ ആശുപത്രിയിൽ 50 ഓളം കൊവിഡ് ബാധിതരാണുള്ളത്. ഇതിൽ ഏഴുപേർ ഐ.സി.യുവിലാണ്.

മെഡി. ആശുപത്രിയിൽ 230 പേരെയാണ് കൊവിഡ് ചികിത്സയ്ക്കായി എൻ.എച്ച്.എം നിയോഗിച്ചത്. ഇവിടെ രണ്ടുവീതം കൊവിഡ് ഐ.സി.യുകളും വാർഡുകളുമുണ്ട്. കൊവിഡ് കാഷ്വാലിറ്റി, കൊവിഡ് സംശയിക്കുന്നവർക്കായി ഒരു വാർഡ്, ഒരു ഐ.സിയും എന്നിങ്ങനെയുമുണ്ട്. കുറഞ്ഞത് 90 നഴ്സുമാരും 20 ഡോക്ടർമാരും ഉണ്ടെങ്കിൽ മാത്രമേ ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനാവൂ.

ശസ്ത്രക്രിയകൾ നവംബർ ഒന്നു മുതൽ

സമ്പൂർണ കൊവിഡ് ചികിത്സാ കേന്ദ്രമായതോടെ, മറ്റു രോഗികൾക്കു പ്രവേശനം നിഷേധിച്ച ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം നവംബർ ഒന്നിന് പുനരാരംഭിക്കും. ഇപ്പോൾ മൂന്ന് ദിവസത്തിലൊരിക്കൽ പ്രവർത്തിക്കുന്ന ഒ.പികൾ അടുത്തമാസം 15 മുതൽ എല്ലാ ദിവസവുമാക്കും. ഇതോടെ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും കൊവിഡ് ഇതര ചികിത്സയ്ക്ക് നിയോഗിക്കേണ്ടി വരും. ഇതിനിടെ കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടുന്നത് ജില്ലാ ആശുപത്രിയിലും പ്രശ്നം സൃഷ്ടിക്കും. ഇവിടെ എൻ.എച്ച്.എമ്മിൽ നിന്നു ഏഴ് ഡോക്ടർമാരെയും 37 നഴ്സുമാരെയുമാണ് കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.

നേരിയ സാദ്ധ്യത മാത്രം

കൊവിഡ് ബ്രിഗേഡിന്റെ സേവനം ഐ.സി.യുകളിൽ മാത്രമായി ചുരുക്കി നീട്ടി നൽകാനും സാദ്ധ്യതയുണ്ട്. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡി. ആശുപത്രിയിലും കൊവിഡ് ഐ.സി.യു പ്രവർത്തിപ്പിക്കാൻ 15 പേരെ നിലനിറുത്തണമെന്ന് എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസ് സംസ്ഥാന മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. സി.എഫ്.എൽ.ടി.സി, സി.എൽ.ടി.സി വിഭാഗങ്ങളിലായി അഞ്ച് കേന്ദ്രങ്ങൾ വേരെ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ബഹുഭൂരിപക്ഷവും കൊവിഡ് ബ്രിഗേഡ് ജീവനക്കാരാണ്. അതുകൊണ്ടു ഈ മാസം 31 ഓടെ ഇവയും അടയാനാണ് സാദ്ധ്യത. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാലേ ഇവ നിലനിറുത്തുകയുള്ളൂ. ജീവനക്കാരുടെ ശമ്പളവും ഒരുപക്ഷേ തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ടി വരും.