സംഭരണ കരാർ അതിവേഗം ഒപ്പിടാൻ മേയറുടെ നിർദേശം
കൊല്ലം: നഗരത്തിലെ കോഴിക്കടകളിൽ നിന്ന് മാലിന്യം സംഭരിക്കുന്നതിന്റെ മറവിൽ സ്വകാര്യഏജൻസികൾ നടത്തിക്കൊണ്ടിരുന്ന കൊള്ളയ്ക്ക് ഉടൻകടിഞ്ഞാൺ വീഴും. കോഴിവേസ്റ്റ് സംഭരണവുമായി ബന്ധപ്പെട്ട് നഗരസഭ ക്ഷണിച്ചിരുന്ന ടെണ്ടറിന്റെ നടപടി അതിവേഗം കരാറിലേക്കെത്തിക്കാൻ മേയർ പ്രസന്ന ഏണസ്റ്റ് ആരോഗ്യ സ്ഥിരം സമിതിക്ക് നിർദേശം നൽകി.
സ്വകാര്യവ്യക്തികൾ കോടതിയിൽ ഹർജി നൽകിയത് മറയാക്കി നഗരസഭയുടെ കോഴിവേസ്റ്റ് കരാറിന്റെ നടപടികൾ വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി. കോഴിവേസ്റ്റ് മാഫിയ നഗരസഭാജീവനക്കാരെ ആക്രമിച്ചിട്ടുപോലും അധികൃതർ നിസംഗത കാണിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സംഭരണക്കരാറില്ലാത്തതിനാൽ സ്വകാര്യഏജൻസികൾ ലക്ഷങ്ങൾ കൊയ്യുന്നുണ്ടെന്നും ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷ് ആരോപിച്ചു. കോഴിവേസ്റ്റ് സംഭരണക്കരാർ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ഇത്രയുംകാലം സംഭരണ കരാറിനെക്കുറിച്ച് ആലോചിക്കാത്തതിന് പിന്നിൽ സാമ്പത്തിക ഇടപാടുണ്ടെന്നും കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. തുടർന്നാണ് മേയർ മറുപടിയുമായെത്തിയത്.
മേയർ പറഞ്ഞത്
കരാർ നടപടി വൈകപ്പിക്കുന്നതിനോട് യോജിപ്പില്ല. ഏറ്റവും ഉയർന്നതുക ക്വാട്ട് ചെയ്തയാൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമില്ലെന്ന് അറിയിച്ചു. 72 ലക്ഷം രൂപയാണ് രണ്ടാമത്ത ഉയർന്ന തുക. ഈ തുകയ്ക്ക് കരാർ ഒപ്പിടുന്നതിനുള്ള നടപടി ആരോഗ്യ സ്ഥിരം സമിതി എത്രയും പെട്ടെന്ന് സ്വീകരിക്കണം. കരാർ ഒപ്പിടൽ അടുത്ത കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമെടുക്കും. കരാർ ഒപ്പിടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടെന്നായിരുന്നു നേരത്തേ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നത്. എന്നാൽ സ്റ്രേയില്ലെന്നും സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്നും മാത്രമാണ് ഹൈക്കോടതി നിർദേശം.
എൻജിനിയർമാർക്ക് വിമർശനം
വിവിധ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും എൻജിനിയറിംഗ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയുണ്ടാവുകയാണെന്ന് ഭരണ, പ്രതിപക്ഷ കൗൺസിലർമാർ വിമർശനമുയർത്തി. രണ്ടുവർഷം മുൻപ് പൂർത്തിയാക്കിയ കെട്ടിടങ്ങൾപോലും ഇലക്ട്രിഫിക്കേഷൻ നടക്കാത്തതിനാൽ ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്. അശാസ്ത്രീയമായ ഓടനിർമ്മാണം മൂലം റോഡിൽ വെള്ളക്കെട്ട് പതിവാണെന്നും ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു. എൻജിനിയറിംഗ് വിഭാഗം പിരിച്ചുവിട്ട് മേശിരിമാർക്ക് ചുമതല നൽകണമെന്ന് വി.എസ്. പ്രിയദർശൻ പറഞ്ഞു. എ. അനീഷ് കുമാർ, എ. നൗഷാദ്, ഷൈലജ, ടി.ആർ. അഭിലാഷ്, എം. പുഷ്പാംഗദൻ, സുജ കൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അജണ്ടകളിൽ തർക്കം
എസ്.എം.പി കോളനിയിൽ റേ പദ്ധതയിലുൾപ്പെടുത്തി നിർമ്മിച്ച ഫ്ലാറ്റുകളുടെ വൈദ്യുതീകരണം നടത്തിയതിന് പണം അനുവദിക്കാനുള്ള അജണ്ടയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് രംഗത്തെത്തിയതോടെ തർക്കമായി. അനുമതിയില്ലാതെചെയ്ത വൈദ്യൂതീകരണത്തിന് പണം അനുവദിക്കണമെന്ന നിലയിലായിരുന്നു അജണ്ട. നിയമവിരുദ്ധമായി ചെയ്ത ജോലിക്ക് എങ്ങനെ പണം അനുവദിക്കുമെന്ന് കുരുവിള ജോസഫ് ചോദിച്ചു. ഒടുവിൽ ഭരണപക്ഷം ഒറ്റക്കെട്ടായി അജണ്ട പാസാക്കുകയായിരുന്നു. പാർട്ടി പത്രങ്ങളിൽ മാത്രം ടെണ്ടർ പരസ്യങ്ങൾ നൽകുന്നതിനെതിരെയുള്ള ടി.ജി. ഗിരീഷിന്റെ പ്രതിഷേധവും ബഹളത്തിനിടയാക്കി. ഒടുവിൽ മുഖ്യധാരാ മാദ്ധ്യമങ്ങളിലെല്ലാം പരസ്യം നൽകുമെന്ന് മേയർ മറുപടി നൽകി.