കൊല്ലം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ, കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഡോ. തസ്നി ഷാനവാസിനെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പ്രശസ്തിഫലകം സമ്മാനിച്ചു. തസ്നി ഷാനവാസ് മാതൃഭാഷ തന്നെ ഓപ്ഷണലായി തിരഞ്ഞെടുത്തതിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ വിജയം കൈവരിക്കാൻ കുട്ടിയെ പ്രാപ്തയാക്കിയതിൽ മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ എല്ലാ നേട്ടങ്ങൾക്കും അടിസ്ഥാനമിട്ടത് ഈ സ്കൂളും ഇവിടത്തെ അദ്ധ്യാപകരും അനദ്ധ്യാപകരുമാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ. തസ്നി പറഞ്ഞു. തസ്നിയുടെ മാതാപിതാക്കളെയും ചടങ്ങളിൽ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. നിഷ സ്വാഗതവും ടി. കവിത നന്ദിയും പറഞ്ഞു.