1-
അരുൺരാജ്

കൊല്ലം: മാരക മയക്കുമരുന്നായ എം.ഡി.എം.എയും 10 നൈട്രോസെപാം ഗുളികകളും പത്തുഗ്രാം കഞ്ചാവുമായി രണ്ടുയുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. മങ്ങാട് ചേരിയിൽമുക്ക് ചേരിയിൽവീട്ടിൽ അരുൺരാജ് (25), മങ്ങാട് കണ്ടച്ചിറചീപ്പ് മേച്ചേരിത്തൊടിയിൽ മുകേഷ് (23) എന്നിവരാണ് പിടിയിലായത്.

500 മില്ലിഗ്രാം 3000 രൂപയ്ക്കാണ് എം.ഡി.എം.എ വിറ്റിരുന്നത്. ഡോക്ടറുടെ വ്യാജകുറിപ്പടി തയ്യാറാക്കിയാണ് നൈട്രോസെപാം ഗുളികകൾ വാങ്ങാറുള്ളതെന്നും ചോദ്യംചെയ്യലിൽ ഇവർ പറഞ്ഞു. കഞ്ചാവും മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറും പിടികൂടി. ഒറ്റത്തതവണ ഉപയോഗത്തിലൂടെ അടിമപ്പെടുന്നതും പാർട്ടി ഡ്രഗ് ആയി ഉപയോഗിക്കുന്നതുമാണ് എം.ഡി.എം.എ. ഒരു മാസത്തിനിടെ സമാന സ്വഭാവത്തിലുള്ള രണ്ടു കേസുകളാണ് ജില്ലയിലുണ്ടായത്.

കൊല്ലം അസിസ്​റ്റന്റ് എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മങ്ങാട്, കണ്ടച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം. മനോജ് ലാൽ, ആർ. മനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്, നിഥിൻ, ജൂലിയൻ ക്രൂസ്, മുഹമ്മദ് കാഹിൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശാലിനി ശശി, ഡ്രൈവർ മുഹമ്മദ് ആഷിഖ് എന്നിവർ പങ്കെടുത്തു.