കൊല്ലം: ജി.എസ്.ടി ഉദ്യോഗസ്ഥർ സ്വർണ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. നേതൃത്വത്തിൽ നടത്തുന്ന ധർണയിൽ ജില്ലയിൽ നിന്ന് 200 പ്രവർത്തകർ പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
കേരളത്തിലെ എല്ലാ സ്വർണക്കടകൾക്കു മുന്നിലും ജി.എസ്.ടി ഉദ്യോഗസ്ഥർ തമ്പടിച്ച് ഉപഭോക്താക്കളെയും പൊതുജനങ്ങളെയും പരിശോധിക്കുകയാണ്. സ്വർണപ്പണിക്കാരുടെ പണി തടസപ്പെടുത്തുന്നു. നിർമ്മാണ ശാലകളിൽ നിന്നും ഹാൾമാർക്കിംഗ് സെന്ററുകളിൽ നിന്നും സ്വർണം പിടിച്ചെടുക്കുന്നു. തൃശൂർ, ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ സ്വർണ വ്യാപാരികളെയും സ്വർണപ്പണിക്കാരെയും ജിഎസ്ടി ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയാണ്. ആലപ്പുഴയിലെ സ്വർണ വ്യാപാരിയെ ഉദ്യോഗസ്ഥർ ഫോണിൽ ഭീഷണിപ്പെടുത്തി.
ആദായ നികുതി നിയമം അനുസരിച്ച് സ്ത്രീകൾക്ക് 500 ഗ്രാമും പുരുഷൻമാർക്ക് 250 ഗ്രാമും സ്വർണം കൈവശം വയ്ക്കാൻ അവകാശമുണ്ടെന്നും അത് നിഷേധിക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും വ്യാപാരികൾ പറഞ്ഞു.
ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, ട്രഷറർ എസ്. പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻ വീട്, ഭാരവാഹികളായ ഖലീൽ കുരുമ്പേലിൽ, എസ്. സാദിഖ് ഓയൂർ, നാസർ പോച്ചയിൽ, വിജയകൃഷ്ണ വിജയൻ, അബ്ദുൽ സലാം അറഫ, ശരവണശേഖർ, ജയചന്ദ്രൻ പള്ളിയമ്പലം, ബി.പ്രദീപ്, കെ. രംഗനാഥ്, ശിവദാസൻ സോളാർ, സജീബ് ന്യൂ ഫാഷൻ, വിജയൻ പുനലൂർ, സുനിൽ വനിത, അബ്ദുൽ മുത്തലീഫ് ചിന്നൂസ്, സോണി സിംല, നൗഷാദ് പണിക്കശ്ശേരി, ബോബി റോസ് എന്നിവർ സംസാരിച്ചു.