കൊല്ലം: ജില്ലാ ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകിയ ജില്ല എംപ്ലോയ്മെന്റ് ഓഫീസർക്കെതിരെ നടപടിയെടുക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
ആശുപത്രി പരിപാലന സമിതിയുടെ (എച്ച്.എം.സി) നേതൃത്വത്തിൽ നടത്തുന്ന താത്കാലിക നിയമനങ്ങൾ നിറുത്തിവയ്ക്കണമെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നിയമനങ്ങൾ നടത്താവൂ എന്നും ആവശ്യപ്പെട്ട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കത്തു നൽകിയിരുന്നു. എന്നാൽ ഇത് സർക്കാരിന്റെ പൊതുനയങ്ങൾക്ക് എതിരാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ പറഞ്ഞു. പഞ്ചായത്തിരാജ് ആക്ട് പ്രകാരം പ്രവർത്തിക്കുന്നതാണ് ആശുപത്രി പരിപാലന സമിതി. ഇതിൽ അധികാരമില്ലാത്ത എംപ്ലോയ്മെന്റ് ഓഫീസർ വിവാദ ഉത്തരവിട്ടതിൽ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഡി.പി.എമ്മിനെതിരെ നടപടി വേണം
ശങ്കരമംഗലം ഗവ.എച്ച്.എസ്.എസിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് ചികിത്സാകേന്ദ്രത്തിലെ ഉപകരണങ്ങൾ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ സംഭവത്തിൽ ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം ഓഫീസർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുന്നതിന് കളക്ടർക്ക് കത്ത് നൽകാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
ജില്ല പഞ്ചായത്ത് ഡ്രൈവർ ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് ഡി.പി.എം രേഖാമൂലം അറിയിച്ചത്. സംഭവം അറിഞ്ഞിട്ടുപോലുമില്ലെന്ന് കൊവിഡ് ചികിത്സാകേന്ദ്രത്തിൽ മുഴുവൻ സമയ പ്രവർത്തകനായിരുന്ന, ജില്ലാപഞ്ചായത്തിലെ ഡ്രൈവർ സഞ്ജയ് മറുപടി നൽകി. കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ കിടക്ക, കസേര, ടി.വി, റഫ്രിജറേറ്റർ, കൂളർ എന്നിവ ജില്ല പഞ്ചായത്തിന്റെയും കളക്ടറുടെയും അറിവില്ലാതെ സംഘടനകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.