കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൂന്നിടത്ത് വാഹനാപകടം. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ഏഴരയോടെ എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറും പിക്ക് അപ്പ് വാനിന്റെ പിന്നിലിടിച്ചായിരുന്നു ആദ്യ അപകടം. തിരുവനന്തപുരത്ത് നിന്ന് അടൂർ ഭാഗത്തേക്ക് പോയ കാർ മുന്നിലെ ടയർ പഞ്ചറായതോടെ നിയന്ത്രണം വിട്ട് മുന്നിൽ പോയ പിക്ക് അപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയെത്തുടർന്ന് പിക്ക് അപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡരികിലെ സോളാർ തെരുവ് വിളക്കിന്റെ പോസ്‌റ്റിൽ ഇടിച്ചാണ് കാർ നിന്നത്. ഇരു വാഹനങ്ങളിലും ഉള്ളവരെ നിസാര പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. ആക്രി സാധനങ്ങളുമായെത്തിയതാണ് പിക്ക് അപ്പ് വാൻ. എംസി റോഡിൽ വാളകം മേഴ്സി ഹോസ്പിറ്റലിന് സമീപത്തായി കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. രാവിലെ എട്ടുമണിയോടെയാണ് സംഭവം. വാഹനത്തിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറെ കൂടാതെ രണ്ട് സ്ത്രീകളും കൈക്കുഞ്ഞുമായിരുന്നു കാറിലുണ്ടായിരുന്നത്. പെരുമ്പാവൂർ സ്വദേശികളായ ഇവർ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. വളവ് തിരിഞ്ഞ് വരുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചശേഷം വയലിലേക്ക് മറിയുകയുമായിരുന്നു. മഴയെ തുടർന്ന് വയലിൽ വെള്ളം നിറഞ്ഞിട്ടുണ്ടായിരുന്നതിനാൽ കാറിന്റെ നല്ലൊരുപങ്കും വെള്ളത്തിൽ മുങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊട്ടാരക്കര നെല്ലിക്കുന്നത്ത് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിതിരിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.