തൊടിയൂർ: തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ് എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവായ സഹദേവൻ പട്ടശ്ശേരിയ്ക്ക്സ്കൂൾ വിദ്യാർത്ഥികളുടെ ആദരം. കരുനാഗപ്പള്ളി കോഴിക്കോട് എസ്. കെ. വി യു .പി .എസിലെ ഹിന്ദി അദ്ധ്യാപകനായ മുഹമ്മദ് സലിംഖാന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന 50 അംഗം സംഘം പട്ടശ്ശേരിയുടെ വസതിയിലെത്തിയത്. വിദ്യാർത്ഥികൾ കൈവശം കരുതിയിരുന്ന പത്ത് തുളസിത്തൈകൾ സഹദേവൻ പട്ടശ്ശേരിയുടെ കുടുംബക്ഷേത്രാങ്കണത്തിൽ നട്ടു. മുഹമ്മദ് സലിംഖാൻ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റിയ തുളസിക്കതിർ നുള്ളിയെടുത്തു എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ ക്ഷേത്ര മുറ്റത്ത് നൃത്തം ചവുട്ടി. അദ്ധ്യാപകരായ അജിതകുമാരി, അജിത്ത് കുമാർ എന്നിവരും സംഘത്തോടപ്പമുണ്ടായിരുന്നു.
പട്ടശ്ശേരിയുടെ അപ്രകാശിത രചനകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അരലക്ഷം രൂപ സഹായധനം നൽകിയിട്ടുണ്ട്. ഇത് വിനിയോഗിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള ജോലിയിലാണിപ്പോൾ സഹദേവൻ പട്ടശ്ശേരി.