കൊട്ടാരക്കര: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാളുടെ കൊലപാതകത്തിൽ കലാശിച്ച, ആംബുലൻസ് ഡ്രൈവർമാരുടെ സംഘട്ടനത്തിന് കാരണക്കാരനായ യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കുത്തേറ്റ് ചികിത്സയിലായിരുന്ന ആവണീശ്വരം ചക്കുപ്പാറ പ്ലാങ്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (26), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (36) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 20ന് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിഷ്ണുവും സിദ്ദിഖും തമ്മിലുണ്ടായ സംഘട്ടനത്തിൽ സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സംഘട്ടനത്തിൽ വിഷ്ണുവിന്റെ സഹോദരൻ വിനീതിനും (ശിവൻ) കുത്തേറ്റിരുന്നു. അന്ന് വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ആവണീശ്വരം സ്വദേശി രാഹുലാണ് കുത്തേറ്റു മരിച്ചത്. പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിഷ്ണുവും സിദ്ദിഖും ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ റിമാൻഡ് ചെയ്തു.
വിഷ്ണു, സഹോദരൻ ശിവൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് സിദ്ദിഖ്. കൊലപാതക കേസിലെ മറ്റ് പ്രധാന പ്രതികളായ വിളക്കുടി റാഫാ മൻസിലിൽ മുഹമ്മദ് ഹാരിസ്, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശാസ്താമുകൾ വീട്ടിൽ ഷിയാസ് എന്നിവർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.