കരുനാഗപ്പള്ളി: സർക്കാരിന്റെ തീരദേശ പരിപാലന നിയമം കായൽ തീരങ്ങളിലെ വീട്ടുകാർക്ക് വിനയാകുന്നു. കായൽ തീരങ്ങളുടെ 50 മീറ്രറിനുള്ളിൽ വീടുകൾ നിർമ്മിക്കാൻ പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നതാണ് കാരണം. തീരദേശ പരിപാലന നിയമം പ്രബല്യത്തിൽ വരുന്നതിന് മുമ്പ് കായൽ തീരങ്ങളിൽ വീടുകൾ നിർമ്മിച്ചവർ പോലും നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങൾ കിട്ടാതെ വലയുകയാണ്. ജനകീയ ആസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ധന സഹായത്തോടെ കായൽ തീരങ്ങളിൽ വീടുകൾ നിർമ്മിച്ചവർ പോലും വീട്ടുനമ്പർ കിട്ടാതെ വലയുകയാണ്.
വീട്ടു നമ്പർ ലഭിക്കാത്തവർ നിരവധി
പള്ളിക്കലാറിന്റെയും ടി.എസ്.കനാലിന്റെയും തീരങ്ങളിൽ നൂറ് കണക്കിന് വീടുകളാണുള്ളത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകളും ഈ പട്ടികയിൽ വരും. 1997 മുമ്പ് കായൽ തീരങ്ങളിൽ വീട് വെച്ചവർ രേഖകൾ സമർപ്പിച്ചാൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പെർമിറ്റ് നൽകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇതിന് പിന്നാലെ പോയി വർഷങ്ങൾ കഴിഞ്ഞിട്ടും വീട്ടു നമ്പർ ലഭിക്കാത്തവർ നിരവധിയാണ്. കായൽ തീരങ്ങളിൽ ഉള്ള വീടുകൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സാങ്കേതികത്വത്തിന്റെ പേരിൽ വീട്ടു നമ്പർ നൽകാത്തതിനാൽ വൈദ്യുതി , വെള്ള കണക്ഷനുകൾക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ല. വീട്ടു നമ്പർ ഉണ്ടെങ്കിൽ മാത്രമേ വെള്ളത്തിനും വെളിച്ചത്തിനും വേണ്ടി അപേക്ഷകൾ നൽകാൻ കഴിയു. പഴയ വീടുകളുടെ അറ്റകുറ്റപ്പണകൾക്കുള്ള ആനുകൂല്യത്തിന് അപേക്ഷ നൽകാനും കഴിയുന്നില്ല.
വീടുകൾ തകർച്ചയുടെ വക്കിൽ
കായൽ തീരങ്ങളിലുള്ള നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണ്. കായൽ പുറമ്പോക്ക് പതിച്ച് നൽകിയ സ്ഥലങ്ങളിലാണ് പാവപ്പെട്ട പലരുടെയും വീടുകൾ. ഈ വീടുകൾക്കെല്ലാം വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ കായൽ തീരങ്ങളിലുള്ള വീടുകൾ തകർന്ന് വീണാൽ പുതിയ വീടുകൾ നിർമ്മിക്കാൻ ബന്ധപ്പെട്ട അധികാരികൾ അനുവാദം നൽകില്ല. തകർന്ന് വീഴാറായ കൂരക്കുള്ളിൽ ജീവൻ പണയം വെച്ച് അന്തിയുറങ്ങുകയാണ് പലരും. ഇക്കാര്യങ്ങളെല്ലാം പലപ്പോഴും ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് കായൽ തീരവാസികളുടെ പരാതി. നിലവിലുള്ള വീടുകളെ കായൽ തീര സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് തീരദേശവാസികൾ ആവശ്യപ്പെടുന്നത്.