കൊല്ലം: വായനയ്ക്ക് പുതിയ വിഭവങ്ങളൊരുക്കി കൊല്ലം ബോയ്സ് എച്ച്.എസ്.എസിൽ പുരോഗമിക്കുന്ന ജില്ലാ ലൈബ്രറി വികസന സമിതിയുടെ പുസ്തകോത്സവ നഗറിൽ അക്ഷര സ്നേഹികളുടെ വൻപ്രവാഹം. പുസ്തകോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾത്തന്നെ ഏകദേശം 80 ലക്ഷം രൂപയുടെ വില്പന നടന്നെന്നാണ് വിവരം.
ഇത്തവണത്തെ വയലാർ അവാർഡ് ലഭിച്ച ബെന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' ആണ് ഏറ്റവുമധികം വിറ്റുപോകുന്ന പുസ്തകം. എം. മുകുന്ദന്റെ കുട്ടൻ ആശാരിയുടെ ഭാര്യമാർ, കെ.ആർ. മീരയുടെ ഘാതകൻ, കെ.വി. മോഹൻകുമാറിന്റെ എടലാക്കുടി പ്രണയരേഖകൾ എന്നിവയും വായനക്കാരെ ആകർഷിക്കുന്നു. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ, അടുത്തിടെ പ്രകാശനം ചെയ്ത അവർ നമ്മളേയും തേടിയെത്തി എന്ന പുസ്തകവും വില്പനയിൽ മുന്നിലാണ്. മുകുന്ദന്റെയും എം.ടിയുടെയും ബഷീറിന്റെയും പഴയ രചനകളുടെ പുതിയ പതിപ്പുകൾക്കും മുൻകാലങ്ങളിലേതു പോലെ പ്രിയമുണ്ട്. പട്ടത്താനം സുനിലിന്റെ പുതിയ പ്രകാശം, പത്മാവതി കാത്തിരിക്കുന്നു (നോവലൈറ്റ്), ഉമ്മർമാഷിന്റെ കുട്ടികൾ (ബാലസാഹിത്യം) എന്നീ പുസ്തകങ്ങളും വില്പനയ്ക്കുണ്ട്.
മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് രാജ്യത്തിനാപത്താണെന്നും വർത്തമാനകാലത്ത് രാജ്യത്തുണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇതിന് തെളിവാണെന്നും പുസ്തകോത്സവ നഗറിൽ വായനക്കാരുമായി നടന്ന അഭിമുഖത്തിൽ കെ.ആർ. മീര പറഞ്ഞു. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ഡോ. പി.കെ. ഗോപൻ, കൺവീനർ ഡി. സുകേശൻ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് സാഹിത്യകാരി കെ.ആർ. മല്ലികയും വൈകിട്ട് 3ന് വയലാർ അവാർഡ് ജേതാവ് ബന്യാമിനും പുസ്തകോത്സവ വേദിയിൽ വായനക്കാരുമായി സംവദിക്കും.