ശാസ്താംകോട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെട്ടിയ തോട് പാലം യാഥാർത്ഥ്യത്തിലേക്ക്. നവംബർ 11 ന് മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായ പടിഞ്ഞാറെ കല്ലട ,കോതപുരം വെട്ടിയ തോട് പാലം പുതുക്കി പണിയണമെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. പാലത്തിന്റെ കോൺക്രീറ്റുകൾ അടർന്നു പോയി കമ്പികൾ തെളിഞ്ഞു കാണുന്ന അവസ്ഥയിലാണ് നിലവിൽ വെട്ടിയ തോട് പാലം. പാലത്തിന്റെ കൈവരികൾ തകർന്നതോടെ താത്ക്കാലികമായി സ്ഥാപിച്ച ഇരുമ്പു വേലികളും അപകടാവസ്ഥയിലായി. ചെങ്കുത്തായ ഇറക്കത്ത് വളവിൽ വീതി കുറഞ്ഞ പാലത്തിലൂടെ യാത്ര നാട്ടുകാർക്ക് എന്നും ഭീതിയാണ്.

16 മാസത്തിനുള്ളിൽ

സ്കൂൾ ബസ് ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ ദിവസേന കടന്നു പോകുന്ന പാലം പൊളിച്ചു പണിയാൻ നിരവധി തവണ ശ്രമിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്ന സംബന്ധിച്ചുണ്ടായ തർക്കം പാലം പണിക്ക് അനിശ്ചിതത്തിലാക്കി. കോവൂർ കുഞ്ഞുമോൻ എം. എൽ .എ നടത്തിയ ഇടപെടലിലൂടെ സ്ഥലം വിട്ടു നൽകുവാൻ 12 വ്യക്തികൾ കരാർ ഒപ്പിട്ടു. പാല നിർമ്മാണത്തിന് 3.27 കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 2.16 കോടി രൂപയും അനുവദിച്ചു. ടെണ്ടർ നടപടികൾ കഴിഞ്ഞ മാർച്ചിൽ പൂർത്തീകരിച്ചു. പാലം നിർമ്മിക്കുന്നതിനായി 16 മാസ കാലയളവാണ് അനുവദിച്ചിട്ടുള്ളത്.