kunnathoor
ശൂരനാട് വടക്ക് ഓണമ്പള്ളി ഏലായിൽ യന്ത്ര സഹായത്തോടെ ഞാറ് നടന്നു

കുന്നത്തൂർ : തോരാതെ പെയ്ത മഴയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശൂരനാട്ടെ കർഷകരുടെ സ്വപ്നങ്ങൾ. ഏറെ പ്രതീക്ഷയോടെ മുണ്ടകൻ കൃഷിയിറക്കിയ ശൂരനാട്ടെ കർഷകർ മഴയെ തുടർന്ന് പ്രതിസന്ധിയിലാണ്. മഴയിൽ ഞാറെല്ലാം നശിച്ചതോടെ വീണ്ടും കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് കർഷകർ. എന്നാൽ ഞാറ് കിട്ടാനില്ല. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷിയിറക്കിയ കർഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. കൃഷിനാശം സംഭവിച്ച പാടങ്ങളിൽ വിത്ത് എത്തിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും നിലമൊരുക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും വിത്ത് ലഭിച്ചില്ല. തുടർന്ന് കർഷകർ സ്വന്തം നിലയിൽ വിത്തെത്തിച്ചാണ് കൃഷി ചെയ്യുന്നത്.

വെള്ളത്തിലായ പ്രതീക്ഷകൾ

ശൂരനാട് വടക്ക് ഏഴ് ഹെക്ടർ നെൽക്കൃഷിയാണ് വെള്ളം കയറി നശിച്ചത്. പതിനായിരങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഉമയും ചേറാടിയുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രണ്ടാംവിളയിലെ നഷ്ടം മുണ്ടകൻ കൃഷിയിലൂടെ പരിഹരിക്കാമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. നിലമൊരുക്കി നടീലിനു മുന്നോടിയായി വളവുമിട്ടു. എന്നാൽ അപ്രതീക്ഷിത മഴയിൽ എല്ലാം വെള്ളത്തിലായി. വീണ്ടും വരമ്പുവെട്ടി നിലമൊരുക്കിയ ശേഷമാണ് കൃഷിയിറക്കുന്നത്. ഓണമ്പിള്ളി ഏലായിൽ ഇത്തവണ യന്ത്രസഹായത്തോടെയായിരുന്നു ഞാറുനടീൽ. ആനയടി ഏലായിൽ കൃഷിതുടങ്ങി ഒരുമാസത്തിനിടെ രണ്ടു തവണയാണ് വെള്ളം കയറിയത്. ഇതുവരെ ചെലവാക്കിയതു മുഴുവൻ വെള്ളത്തിലായി. മിക്ക പാടശേഖരങ്ങളിലും ഭാഗികമായാണ് കൃഷി നശിച്ചത്.കൃഷി നശിച്ച പാടങ്ങളിൽ വീണ്ടും വിത്തുപാകേണ്ട സ്ഥിതിയാണ്. രണ്ടു കൃഷികളും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്.വളമിടൽമുതൽ കൊയ്‌ത്തുവരെ രണ്ടുഘട്ടങ്ങളായേ നടത്താനാകൂ. ഇത് ചെലവ് കൂട്ടും. ഒറ്റഘട്ടത്തിൽ കഴിയുകയാണെങ്കിൽ കർഷകരുടെ അധ്വാനത്തിനും കൂലിച്ചെലവിനും കുറവുണ്ടാകുമായിരുന്നു. ഈ സൗകര്യമാണ് മഴയിൽ തകർന്നടിഞ്ഞത്.