പുനലൂർ: കൊല്ലം-പുനലൂർ റെയിൽവേ റൂട്ടിൽ ഇലക്ട്രിക് ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായി വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു. ഇതിന്റെ മുന്നോടിയായി പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് പുതിയ സബ് സ്റ്റേഷന്റെ നിർമ്മാണം ഇന്നലെ ആരംഭിച്ചു. റെയിൽവേ എക്സിക്യൂട്ടീവ് എൻജിനീയർ രേഖന്റെ നേതൃത്വത്തിൽ ഭൂമി പൂജയോടെയാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. 30കോടി രൂപ ചെലവഴിച്ചാണ് പാത വൈദ്യുതികരിക്കുന്നത്.
പാത കമ്മിഷൻ ഫെബ്രുവരിയിൽ
2022 ഫെബ്രുവരിയിൽ പാത കമ്മിഷൻ ചെയ്യാനാണ് പദ്ധതി. കൊല്ലത്ത് നിന്ന് ആരംഭിച്ച് കിളികൊല്ലൂർ, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം വഴി പുനലൂർ വരെയാണ് ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നത്. ഒരു കിലോമീറ്ററിനുള്ളിൽ 25 ഇലക്ട്രിക് പോസ്റ്റുകൾ വീതമാണ് സ്ഥാപിക്കുന്നത്. 47 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇലക്ട്രിക് പാത സ്ഥാപിക്കുന്നത്. കൊല്ലം-പുനലൂർ പാതയിലെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയ ശേഷം പുനലൂരിൽ നിന്ന് തെങ്കാശി വരെയുള്ള റൂട്ടിൽ ഇലക്ട്രിക് ട്രെയിൻ ഓടിക്കാനുളള നിർമ്മാണ ജോലികളും ആരംഭിക്കും. പശ്ചിമഘട്ട മലനിരക്കുകളിലൂടെ കടന്ന് പോകുന്ന പ്രദേശത്ത് 8ൽ അധികം ടണലുകളും പാലങ്ങളുമുള്ള റെയിൽവേ റൂട്ടായതുകൊണ്ട് ഇലക്ട്രിക് ലൈൻ വലിക്കാനും ബുദ്ധിമുട്ടേണ്ടി വരും. ഇലക്ട്രിക് പോസ്റ്റുകൾ ഉപരിതലത്തിൽ കോൺക്രീറ്റ് ചെയ്താണ് ഇടുന്നത്. പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിർമ്മാണം ആരംഭിച്ച സബ്സ്റ്റേഷനും കെ.എസ്.ഇ.ബിയുടെ പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പവർ ഹൗസിലെ സബ് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിച്ചാകും വൈദ്യുതി വിതരണം നടത്തുന്നത്.
ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഒന്നാം ഘട്ടത്തിൽ പുരോഗമിക്കുന്നത്. അടുത്ത മാസം 20 ഓടെ വൈദ്യുതി ലൈൻ വലിച്ച് തുടങ്ങും. പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ഇ.ബിയുടെ പവർ ഹൗസ് വരെ ഭൂഗർഭ കേബിൾ വഴിയാകും ലൈൻ എത്തിക്കുന്നത്. ഇതിനാവശ്യമായ എസ്റ്റിമേറ്റ് റെയിൽവേ ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി നൽകിയിട്ടില്ല. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ തുക അടക്കും.
മോഹനൻ പിള്ള
നിർമ്മാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ