കൊല്ലം: കൊട്ടാരക്കര കടയ്ക്കോട് മാരൂർ പൗർണമിയിൽ എം.ബാലകൃഷ്ണന്റെ വിയോഗം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന് വലിയ നഷ്ടമാണെന്ന് യൂണിയൻ കൗൺസിൽ വിലയിരുത്തി. ദീർഘകാലം കൊട്ടാരക്കര യൂണിയൻ കൗൺസിലറായിരുന്ന ബാലകൃഷ്ണൻ യൂണിയൻ പ്രസിഡന്റും യോഗം വൈസ് പ്രസിഡന്റുമായിരുന്ന കെ.എൻ.സത്യപാലനൊപ്പം പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. മുട്ടറ ഗവ.ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണൻ ഓടനാവട്ടം ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകനായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്. അദ്ധ്യാപകനായി തുടരുമ്പോൾത്തന്നെ കടയ്ക്കോട് 790-ാം നമ്പർ ശാഖയുടെ സെക്രട്ടറിയായും കൊട്ടാരക്കര യൂണിയൻ കൗൺസിലറായും പ്രവർത്തിക്കുകയായിരുന്നു ബാലകൃഷ്ണൻ. അടുത്തകാലത്ത് വാർദ്ധക്യത്തിന്റെ അവശതകളാൽ പൊതുരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും യൂണിയന്റെയും ശാഖകളുടെയും പ്രധാന പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കും ഉപദേശങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നു. എം.ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആർ.ശങ്കർ‌ സ്മാരക കൊട്ടാരക്കര യൂണിയൻ അനുശോചിച്ചു. പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, നിയുക്ത ബോർഡ് മെമ്പർ ജി.വിശ്വംഭരൻ, ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു,​ അഡ്വ.എൻ.രവീന്ദ്രൻ,​ നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ,​ യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ അനുശോചനം അറിയിച്ചു.