ജയിൽമാറ്റം അനന്തമായി നീളുന്നു
കൊല്ലം: സ്ഥല പരിമിതിയിൽ വീർപ്പു മുട്ടുന്ന കൊല്ലം ജില്ലാ ജയിൽ പള്ളിത്തോട്ടത്തേക്ക് മാറ്റാനുള്ള നീക്കം ഇഴയുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം പാട്ടക്കാലാവധി കഴിഞ്ഞ മൂന്നേക്കർ ഭൂമി പുതിയ ജയിൽ നിർമ്മിക്കാൻ വിട്ടു നൽകണമെന്നവാശ്യപ്പെട്ടു ജയിൽ അധികൃതർ റവന്യുവകുപ്പിന് കത്തു നൽകി ആറു മാസം കഴിഞ്ഞിട്ടും തുടർ നടപടിയില്ല.
കൊല്ലം- കരുനാഗപ്പള്ളി റോഡിൽ കളക്ടറേറ്റിന് എതിർവശത്തായി 52 സെന്റ് സ്ഥലത്താണ് ജയിൽ സ്ഥിതി ചെയുന്നത്. 1959ൽ ആരംഭിച്ച ജയിലിൽ തടവുകാരുടെ എണ്ണം കൂടിയപ്പോൾ മൂന്നു നിലകളുള്ള പുതിയ കെട്ടിടം 2010ൽ നിർമ്മിച്ചു. ഈ കെട്ടിടത്തിലാണ് ഇപ്പോൾ തുടവുകാരെ പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട സബ് ജയിൽ പൊളിച്ചു പണിയുന്നതിനാൽ അവിടത്തെ തടവുകാരും നിലവിൽ കൊല്ലം ജില്ലാ ജയിലിലാണ്. ഇതോടെ വീർപ്പമുട്ടൽ കൂടി. സ്ഥലപരിമിതിക്കൊപ്പം സുരക്ഷാപ്രശ്നങ്ങളും നേരിടുന്നു. ജയിലിന്റെ ഒരു വശത്തു ടൗൺ യു. പി സ്കൂളും മറ്റു ഭാഗങ്ങളിൽ തിരക്കേറിയ റോഡുമാണ്. സ്ഥലപരിമിതിയും സുരക്ഷാ പ്രശ്നങ്ങളും കാരണം ജയിൽ മാറ്റി സ്ഥാപിക്കാൻ വർഷങ്ങൾക്ക് മുൻപേ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.
ശാസ്താംകോട്ട രാജഗിരിയിൽ കായൽ തീരത്തോട് ചേർന്ന് ഭൂമി കണ്ടെത്തിയെങ്കിലും പിന്നീടത് വേണ്ടെന്നു വച്ചു. കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിൽ ഭൂമി കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജില്ലാ ജയിലിൽ, ജീർണാവസ്ഥയിലുള്ള മതിലിന്റെ പുനർനിർമ്മാണം നടക്കുകയാണിപ്പോൾ. 10 ലക്ഷം രൂപ ചെലവിൽ 25 മീറ്റർ നീളത്തിലാണ് സുരക്ഷ ക്രമീകരണങ്ങളോടെ ചുറ്റുമതിൽ നിർമ്മിക്കുന്നത്. പൊതു മരാമത്തു വിഭാഗം കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
നിലവിൽ തടവുകാരുടെ എണ്ണം: 250.
എണ്ണം കൂടിയാൽ പ്രതിസന്ധിയാവും
സ്ഥലപരിമിതി തൊഴിലൊരുക്കലിനെയും ബാധിക്കുന്നു
ചാപ്പാത്തി, ബിരിയാണി എന്നിവയുടെ ഒരു യൂണിറ്റ് മാത്രം
മറ്റ് തൊഴിലുകൾ ആരംഭിക്കാനാവുന്നില്ല
കൃഷി ചെയ്യാൻ കൂടുതൽ സ്ഥലം ആവശ്യം
ജയിലിന്റെ സ്ഥലപരിമിതി കാരണം പള്ളിത്തോട്ടത്ത് മൂന്നു ഏക്കർ സ്ഥലം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
കെ.ബി. അൻസർ, ജയിൽ സൂപ്രണ്ട്. കൊല്ലം