v

കൊല്ലം: കൊവിഡ് ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ, വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്കായി 'സ്റ്റുഡന്റ്സ് ട്രാൻസ്‌പോർട്ട് പ്രോട്ടോക്കോളു'മായി ഗതാഗതവകുപ്പ്.

കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ അധികൃതരും ബസ് ജീവനക്കാരും കുട്ടികളും പാലിക്കേണ്ട പെരുമാ​റ്റ രീതികളെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായാണ് ഗതാഗതവകുപ്പ് പെരുമാറ്റച്ചട്ടം തയ്യാറാക്കി പ്രസിദ്ധീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ ബസിൽ രണ്ടുപേർക്കിരിക്കാവുന്ന സീറ്റുകളിൽ ഒരാളെയും മൂന്നുപേരുടേതിൽ രണ്ടുപേരെയും ഇരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

# പ്രോട്ടോക്കോളിൽ പ്രധാനപ്പെട്ടവ

 ബസിൽ തെർമൽ സ്‌കാനർ, സാനി​ട്ടൈസർ എന്നിവ കരുതണം

 ഡോർ അ​റ്റൻഡർ കുട്ടികളുടെ താപനില പരിശോധിക്കണം, കൈകൾ സാനി​ട്ടൈസ് ചെയ്യണം

 കുട്ടികൾ മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം

 യാത്രയ്ക്കു ശേഷം വാഹനം അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് കഴുകണം

 സ്‌കൂൾ ബസുകളുടെ ഫി​റ്റ്‌നസ് പരിശോധനയും ട്രയൽ റണ്ണും പൂർത്തിയാക്കണം
 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിലെത്തി പരിശോധന നടത്തും

 ഡ്രൈവർമാർക്കും അ​റ്റൻഡർമാർക്കും നേരിട്ടും ഓൺലൈനായും പരിശീലനം നൽകും

 സ്കൂൾ വാഹനങ്ങൾ റിപ്പയർ ചെയ്യാൻ കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകൾ ഉപയോഗിക്കാം.
 വിദ്യാർത്ഥികളെ കയ​റ്റാൻ മടി കാട്ടുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി

 സ്​റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലി​റ്റി കമ്മിറ്റിയും മോട്ടോർ വാഹന വകുപ്പും പരിശോധിക്കും

# നികുതി കാലാവധി നീട്ടി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. ഒക്‌ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാർട്ടർ നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോൾ നീട്ടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്തംബർ 30 വരെയുള്ള നികുതി പൂർണമായും ഒഴിവാക്കിയിരുന്നു.