ശാസ്താംകോട്ട : അഗതി മന്ദിരത്തിന് വേണ്ടി പിരിവിനെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പടപ്പനാൽ മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കൽ സ്വദേശി അബ്ദുൾ വഹാബ്(52)ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളിയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ മഴപെയ്യുന്നതിനാൽ അവിടെ കയറി നിൽക്കുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന പൊതിച്ചോറ് കഴിക്കാൻ അനുമതി ചോദിച്ച് അവിടിരുന്ന് കഴിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പിതാവും ഇളയ സഹോദരനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പിതാവ് മരുന്നു കഴിച്ചതിനാൽ മയക്കത്തിലായിരുന്നു. ടിവി കാണാനെന്ന മട്ടിൽ അകത്തു കടന്ന ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകിട്ട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. സംശയം തോന്നിയ ഡോക്ടർ പെൺകുട്ടിയിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞ ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. ഡോക്ടർ നൽകിയ വിവരത്തെത്തുടർന്നാണ് എസ്. എച്ച്. ഒ അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അഭയകേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതിൽ രണ്ടുപേർ സ്ത്രീകളാണെന്നും അറിഞ്ഞു. ഇയാൾ വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. പൊലീസ് അന്വേഷിച്ച് വാടക വീട്ടിലെത്തുമ്പോൾ പെൺകുട്ടി അടയാളം പറഞ്ഞ അതേ വസ്ത്രത്തിൽ തന്നെയായിരുന്നു പ്രതി.
പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.