കൊല്ലം: ഹാർബറുകളിലെ അനധികൃത ഇടപാടുകളും നിയമലംഘനങ്ങളും ഫിഷറീസ് ഡയറക്ടറേറ്റ് അധികൃതർ ഇനി 'ലൈവാ'യി കാണും! സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളിലും കാമറകൾ സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. ഡയറക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചാകും നിരീക്ഷണം.
മത്സ്യസമ്പത്തിന് ഭീഷണിയാകും വിധം ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കുക, പുറത്തു നിന്നുള്ള മത്സ്യം ഹാർബറിലെത്തിച്ച് വില്പന നടത്തുന്നത് തടയുക, മത്സ്യത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക തുടങ്ങിയവയാണ് കാമറ നിരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. കാലാവസ്ഥ നിയന്ത്രണമുള്ള ഘട്ടങ്ങളിൽ നിരോധനം ലംഘിച്ച് കടലിൽ പോകുന്നവരെയും കാമറ കുടുക്കും.
നിലവിൽ ജില്ലയിൽ കൊല്ലം തീരത്തെ ലാൻഡിംഗ് സെന്ററുകൾ, നീണ്ടകര എന്നിവിടങ്ങളിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. ശക്തികുളങ്ങരയിൽ കാമറ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. ആഴീക്കലിൽ ഉടൻ സ്ഥാപിക്കും. നീണ്ടകരയിലെ കാമറകൾ നീണ്ടകര ഫിഷറീസ് സ്റ്റേഷനിലും കൊല്ലം തീരത്തെ കാമറകൾ പള്ളിത്തോട്ടം സ്റ്റേഷനിലുമാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥിരമായ നിരീക്ഷണം നടക്കുന്നില്ല. ഫിഷറീസ് ഡയറക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിക്കുന്നതോടെ കാമറകളെ അവിടവുമായി ബന്ധിപ്പിക്കും. ഫിഷറീസ് സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും തുടരും.