v

ഡിസംബർ 31ന് മുമ്പ് എല്ലാവർക്കും വാക്സിൻ നൽകും

കൊല്ലം: ജില്ലയിൽ പകുതിയിലധികം പേരും രണ്ടുഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ്. 10.29 ലക്ഷം പേർ രണ്ടു തവണയായി 29.78 ലക്ഷം ഡോസ് സ്വീകരിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻപെന്നപോലെയുള്ള തിരക്ക് അനുഭവപ്പെടുന്നില്ല. പ്രതിദിനം 70,000 ഡോസ് വരെ വിതരണം ചെയ്തിരുന്നിടത്ത് ഇപ്പോൾ 15,000-16,000 ഡോസാണ് നൽകുന്നത്. തിരക്ക് കുറയുന്നത് സ്വാഭാവികമാണെന്ന് അധികൃതർ പറയുന്നു. ഡിസംബർ 31ന് മുമ്പ് 18 വയസിന് മുകളിലുള്ള, ജില്ലയിലെ എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

ഒന്നാം ഡോസിന് ഒരു ലക്ഷം പേർ

ജില്ലയിൽ ഇനി ഒരു ലക്ഷം പേർ കൂടി ആദ്യഡോസ് വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ. പ്രതിദിനം 1000- 1200 പേർ ആദ്യഡോസ് സ്വീകരിക്കാൻ എത്തുന്നുണ്ട്. സെപ്തംബർ 30ന് മുമ്പ് കൊവിഡ് ബാധിച്ചവരാണിവർ. രോഗമുക്തരായി 90 ദിവസത്തിനു ശേഷമേ ഒന്നാം ഡോസ് വാക്സിൻ നൽകാനാവൂ. ഇവർക്ക് ഡിസംബറിൽ ആദ്യഡോസ് വിതരണം പൂർത്തിയാക്കും. ഡിസംബർ 31ന് ശേഷം ഇവർക്ക് മാത്രമായിരിക്കും രണ്ടാം ഡോസ് ശേഷിക്കൂ.

കുട്ടികൾക്കുള്ള വാക്സിനും ബൂസ്റ്റർ ഡോസും

18 വയസിൽ താഴെയുള്ളവർക്കുള്ള വാക്സിനും മറ്റുള്ളവർക്ക് ബൂസ്റ്റർ ഡോസും നൽകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

നിലവിൽ ജില്ലയിൽ വാക്സിന് ക്ഷാമമില്ല. ഡിസംബർ 31ന് മുമ്പ് 18വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം

ഡോ. എം.എസ്. അനു, ജില്ലാ നോഡൽ ഓഫീസർ, കൊവിഡ് വാക്‌സിനേഷൻ

ജില്ലയിൽ ഇതുവരെ

 ആകെ വിതരണം ചെയ്ത ഡോസ്: 29.78 ലക്ഷം

 ആദ്യഡോസ് സ്വീകരിച്ചവർ: 19.49 ലക്ഷം

 രണ്ടു ഡോസും സ്വീകരിച്ചവർ: 10.29 ലക്ഷം

 സ്ത്രീകൾ: 16.06 ലക്ഷം

 പുരുഷന്മാർ: 13.70 ലക്ഷം

 60 വയസിന് മുകളിലുള്ളവർ: 8.53 ലക്ഷം

 45നും 59നും ഇടയിലുള്ളവർ: 9.22 ലക്ഷം

 18നും 44നും ഇടയിലുള്ളവർ: 12.02 ലക്ഷം

വാക്സിനുകൾ

 കൊവിഷീൽഡ്‌: 26.05 ലക്ഷം

 കൊവാക്സിൻ: 3.68 ലക്ഷം