കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ കടപ്പാക്കട മാർക്കറ്റ് വൃത്തിയാക്കി
കൊല്ലം: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കടപ്പാക്കട മാർക്കറ്റിൽ വൃത്തിഹീനമായ സ്ഥലത്ത് അറവുമാടുകളെ കെട്ടുന്നതും അവയുടെ വിസർജ്യം അടക്കമുള്ള മാലിന്യത്തിൽ അറവ് നടത്തുന്നതും ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ മാർക്കറ്റ് വൃത്തിയാക്കി നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ രാവിലെതന്നെ സ്ഥലത്തെത്തിയാണ് മാർക്കറ്റിൽ അറവുമാടുകളെ കെട്ടുന്ന സ്ഥലം പൂർണമായും വൃത്തിയാക്കിയത്. മാടുകളുടെ വിസർജ്യവും ഭക്ഷ്യഅവശിഷ്ടങ്ങളും കെട്ടിക്കിടന്ന് രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള വൃത്തിഹീനമായ സ്ഥലത്തു തന്നെയാണ് മാടുകളെ കശാപ്പ് ചെയ്യുന്നതെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തിരക്കേറിയ സ്ഥലം
മാർക്കറ്റിനു മുൻവശം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയമാണ്. ഓഫീസുകൾ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇവിടെ ദിനംപ്രതി നൂറുകണിക്കിനാളുകളാണ് വന്നുപോകുന്നത്. തൊട്ടടുത്ത് സ്പോർട്സ് ക്ളബും കുട്ടികളുടെ പാർക്കും ബസ് സ്റ്റോപ്പും ഒക്കെയുള്ള തിരക്കേറിയ സ്ഥലം കൂടിയാണ് കടപ്പാക്കട മാർക്കറ്റ്.
അണുനാശിനി തളിച്ചു
ഇന്നലെ കടപ്പാക്കട മാർക്കറ്റിൽലെത്തിയ ശുചീകരണ തൊഴിലാളികൾ വിസർജ്യവും മാലിന്യവും നീക്കം ചെയ്ത ശേഷം അണുനാശിനികൾ തളിച്ചു. മാലിന്യം കെട്ടിക്കിടന്നിരുന്നത് മൂലം ഈ ഭാഗത്ത് പാകിയിരുന്ന തറയോട് കാണാൻ പോലും കഴിയാത്ത നിലയിലായിരുന്നു. തറയോടുകൾ തേച്ചുകഴുകി മിനുക്കിയ ശേഷമാണ് തൊഴിലാളികൾ മടങ്ങിയത്.
മാടുകളെ ഇവിടെ കെട്ടുന്നത് നഗരസഭ വിലക്കുകയും ചെയ്തു. കശാപ്പിന് തൊട്ടുമുൻപ് മാത്രമേ അറവുമാടുകളെ ഇവിടെ എത്തിക്കാൻ പാടുള്ളൂവെന്നാണ് കശാപ്പുകാർക്ക് നൽകിയിരിക്കുന്ന നിർദേശം. കൃത്യമായ ഇടവേളകളിൽ മാർക്കറ്റ് ശുചീകരിച്ചാൽ ദുർഗന്ധമുണ്ടാകുന്നത് തടയാൻ കഴിയും. അങ്ങനെ രോഗഭീഷണിയും അകറ്റാം.