കൊല്ലം: പായുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനെ സൂപ്പർ ഡ്രൈവിംഗ് ത്രില്ലുള്ള വനിത സാരഥിയായ മറ്റൊരു സൂപ്പർ ഫാസ്റ്റ് മറികടക്കുന്നു. കനാലോരത്തെ റോഡിലൂടെയുള്ള ഈ സൂപ്പർ ഡ്രൈവിംഗ് ഒപ്പമുണ്ടായിരുന്ന കണ്ടക്ടർ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീല വീണ്ടും തരംഗമായത്.
കോതമംഗലം, കോട്ടപ്പടി വെട്ടിക്കമറ്റം വീട്ടിൽ പാപ്പുവിന്റെയും കുട്ടിയുടെയും നാലു മക്കളിൽ ഇളയവളായ ഷീല കെ.എസ്.ആർ.ടി.സിയിലെ 'ചരിത്ര വനിത"യാണ്. 2013ൽ കോതമംഗലം ഡിപ്പോയിൽജോലിക്കു കയറിയ ഷീല കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര ഡിപ്പോയിലെത്തിയത്. പുലർച്ചെ 4.30നുള്ള ഗുരുവായൂർ സൂപ്പർ ഫാസ്റ്റിലായിരുന്നു ആദ്യ ട്രിപ്പ്. വിശ്രമം കഴിഞ്ഞ് അവിടെ നിന്ന് ഉച്ചയ്‌ക്ക് ഒന്നിന് തിരിച്ച് കൊട്ടാരക്കരയിലേക്ക്. ഇഴഞ്ഞു നീങ്ങുന്ന ഓർഡിനറിയേക്കാൾ തനിക്കിഷ്ടം സൂപ്പർഫാസ്റ്റാണെന്ന് ഷീല പറയുന്നു.
ആൺപട അടക്കിവാണ ഡ്രൈവർ കാബിനിലേക്കുള്ള ഷീലയുടെ വരവ് വലിയ വാർത്തയായിരുന്നു. കർഷകത്തൊഴിലാളി കുടുംബത്തിലെ ബുദ്ധിമുട്ടുകളിൽ വളർന്ന ഷീല, അച്ഛന്റെ മരണത്തോടെ പത്താം ക്ളാസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. സഹോദരൻമാർ കൊണ്ടുവരാറുള്ള സ്കൂട്ടറും മറ്റും ഓടിക്കുന്നത് കുട്ടിക്കാലത്തുതന്നെ ഹരമായിരുന്നു. പിന്നാലെ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി. പഠിച്ച ഡ്രൈവിംഗ് സ്കൂളിൽ ഇൻസ്ട്രക്ടറുമായി. കോതമംഗലം ഡിപ്പോയിൽ നിന്ന് മൂന്നാർ - എറണാകുളം റൂട്ടിലായിരുന്നു കന്നി ഓട്ടം. പിന്നീട് പെരുമ്പാവൂർ ഡിപ്പോയിലേക്ക് മാറി. അങ്കമാലിയിലും തിരുവനന്തപുരത്തുമെല്ലാം ജോലി ചെയ്തു.
പകരക്കാരിയായി തുടക്കം
പെരുമ്പാവൂർ ഡിപ്പോയിൽ ഓർഡിനറി ഓടിക്കുന്നതിനിടെയാണ് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ അവസരം ലഭിച്ചത്. രാവിലെ സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ എത്തിയില്ല. പകരക്കാരിയായി പോകാമെന്ന് ഷീല പറഞ്ഞപ്പോൾ കണ്ടക്ടർ സിജോ പ്രോത്സാഹിപ്പിച്ചു. ആദ്യ ട്രിപ്പിൽ 15 മിനിട്ട് വൈകിയെങ്കിലും പിന്നീടത് ആവർത്തിച്ചില്ല. നിറുത്തിയിട്ടിരുന്ന, ഷീലയുടെ ബസിലേക്ക് ഒരു എയ്സ് വാഹനം ഇടിച്ചതു മാത്രമാണ് എടുത്തുപറയത്തക്ക അപകടം.
ഉറക്കം ഡിപ്പോയിൽ
'വണ്ടിപ്പണി" ഭർത്താവിന് രസിച്ചിട്ടില്ല. ചില്ലറ തർക്കങ്ങൾ ബന്ധം ഒഴിയുന്നതു വരെയെത്തിച്ചു. ഇതോടെ ഷീലയുടെ അന്തിയുറക്കം ഡിപ്പോകളിലെ വിശ്രമ മുറികളിലായി. വല്ലപ്പോഴേ വീട്ടിലേക്ക് പോകാറുള്ളൂ. അതിനിടെ പത്താം ക്ലാസും പ്ളസ് ടുവും പാസായി. ബിരുദ പഠനമാണ് ഷീലയുടെ സ്വപ്നം.