pho
ഒറ്റക്കൽ ലുക്കൗട്ട് പവലിയനിൽ എത്തിയ വിനോദ സഞ്ചാരികൾ തടയണയുടെ ദൃശ്യ ഭംഗി നുകരുന്ന കാഴ്ച

പുനലൂർ: കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ച് പൂട്ടിയിരുന്ന ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ തുറന്ന് നൽകിയതോടെ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ്. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്താണ് പവലിയിൻ സ്ഥിതി ചെയ്യുന്നത്. പവലിയനിൽ കയറുന്നവർക്ക് കാനനഭംഗിയും 250 അടിയോളം താഴ്ചയിലൂടെ കടന്ന് പോകുന്ന കല്ലടയാറും തടയണയും നേരിൽ കണ്ട് ആസ്വദിക്കാൻ കഴിയും. തെന്മല ഇക്കോ ടൂറിസവും അനുബന്ധ സ്ഥാപനങ്ങളും കഴിഞ്ഞ മാസം സഞ്ചാരികൾക്കായി തുറന്ന് നൽകിയിരുന്നു. എന്നാൽ കല്ലട ഇറിഗേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ലുക്കൗട്ട് പവലിയൻ തുറന്ന് നൽകിയിരുന്നില്ല. ഒടുവിൽ പ്രതിഷേധം വ്യാപകമായതോടെയാണ് ലുക്കൗട്ട് പവലിയൻ തുറന്ന് നൽകിയത്.

അടിസ്ഥാന സൗകര്യങ്ങളില്ല

പ്രവേശനം സൗജന്യമാണെങ്കിലും പവലിയൻ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് യാതൊരു അടിസ്ഥാന സൗകര്യങ്ങളും അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല. സ്ത്രീകളും വിദ്യാർത്ഥികളുമടക്കം ദിവസവും നൂറ്കണക്കിനാളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് വിശ്രമിക്കാനോ, ശൗചാലയം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

ചുവപ്പ് നാടയിൽ കുടുങ്ങി

തെന്മല പരപ്പാർ അണക്കെട്ടിന്റെ നിർമ്മാണ വേളയിലാണ് ലുക്കൗട്ട് പവലിയനും പണിതത്. പവലിയൻ നവീകരിച്ച് മോടി പിടിപ്പിക്കാത്തത് കാരണം ഉപരിതലവും പാർശ്വഭിത്തികളും വിണ്ട് കീറിയ നിലയിലാണ്. രണ്ട് വർഷം മുമ്പ് വകുപ്പ് മന്ത്രി പവലിയിൻ സന്ദശിച്ച ശേഷം ആധുനിക സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കല്ലട ഇറിഗേഷന്റെ ഉന്നത ഉദ്യോഗസ്ഥർ പവലിയൻ സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീടത് ചുവപ്പ് നാടയിൽ കുടുങ്ങുകയായിരുന്നു. ഇതാണ് പവലിയൻ സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇല്ലാതെ വലയുന്നത്. ഇതിനൊപ്പം പവലിയനിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാത്തത് കാരണം സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.