photo
പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ വയലാർ സാഹിത്യപുരസ്കാരജേതാവ് ബെന്യാമിൻ മറുപടിപ്രസംഗം നടത്തുന്നു

കൊല്ലം: എഴുതാതിരിക്കാനാവില്ലെന്ന ഘട്ടമെത്തുമ്പോഴാണ് ഞാൻ എഴുതാറുള്ളത്, എന്റെ ഇരുപത്തഞ്ച് പുസ്തകങ്ങളിലെ കഥകളും എന്നെ തേടിയെത്തിയവയാണ്- വയലാർ സാഹിത്യ പുരസ്കാര ജേതാവ് ബെന്യാമിൻ പറഞ്ഞു. പുത്തൂർ പാങ്ങോട് കുഴിക്കലടിവക പബ്ളിക് ലൈബ്രറി നൽകിയ സ്വീകരണയോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യാദൃശ്ചികമായി സാഹിത്യ ലോകത്ത് എത്തിപ്പെട്ടയാളാണ് ഞാൻ. ഒരു കഥയെഴുതാൻപോലും തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല. അങ്ങിനെ കഴിയാറുമില്ല. പല മാസികകളും ഓണപ്പതിപ്പുകളുമടക്കം ചെറുകഥയെങ്കിലും ചോദിക്കാറുള്ളപ്പോൾ എനിയ്ക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല. ചില നേരങ്ങളിൽ കഥ വന്ന് വല്ലാതെ വീർപ്പുമുട്ടിക്കും. അത് എഴുതിത്തീർക്കാതെ പറ്റില്ലെന്ന സ്ഥിതിവന്നുചേരുകയാണ്. എഴുത്തിൽ നിന്നും പുറംതിരിഞ്ഞ് നടക്കാൻ തുടങ്ങിയ വേളകളിലും എന്നെ അങ്ങിനെ ചിലത് തിരിച്ചുവിളിച്ച് എഴുതിപ്പിക്കാറുണ്ടായിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ഡി.സത്യബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥശാലസംഘം സംസ്ഥാന എക്സി.അംഗം ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. പി.കെ.അനിൽകുമാർ പുസ്തക പരിചയം നടത്തി. ലൈബ്രറി സെക്രട്ടറി ജെ.കൊച്ചനുജൻ, പി.കെ.ജോൺസൺ, എസ്.രാജു, പാങ്ങോട് രാധാകൃഷ്ണൻ, രെജി പാങ്ങോട് എന്നിവർ സംസാരിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് സിബിൻ, ബി.കൃഷ്ണകുമാർ, കോട്ടാത്തല ശ്രീകുമാർ, അനിൽ കുളക്കട, ഡി.ദിലീപ് കുമാർ, അനീഷ് ആലപ്പാട്ട്, മനോരാജ്, അഭിലാഷ് എന്നിവരെ ചടങ്ങിൽബെന്യാമിൻ ആദരിച്ചു.