കരുനാഗപ്പള്ളി: പണിക്കർ കടവ് പാലം തകർച്ചയുടെ വക്കിൽ. പഴക്കം ചെന്ന പണിക്കർകടവ് പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിച്ച് നിർമ്മിച്ച ആദ്യത്തെ പാലമാണിത്. 5 സ്പാനുകളിലാണ് പാലം നിൽക്കുന്നത്. സ്പാനിന്റെ അടിഭാഗത്തുള്ള കോൺക്രീറ്റുകൾ പൊഴിഞ്ഞ് വീഴുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്രയും നാളിനുള്ളിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും പാലത്തിൽ നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഭാരം താങ്ങാനുള്ള കരുത്തില്ല
കരുനാഗപ്പള്ളി ടൗണിൽ നിന്ന് 4 കിലോ മീറ്ററോളം പടിഞ്ഞാറോട്ട് മാറിയാണ് പാലം സ്ഥിതി ചെയ്യുന്നത്. ടി.എസ്.കനാലിന് മീതേ നിർമ്മിച്ചിരിക്കുന്ന പാലത്തിന്റെ കൈവരികളും തകർച്ചയുടെ വക്കിലാണ്. ചെറിയഴീക്കൽ തുറമുതൽ തെക്കോട്ട് വെള്ളനാതുരുത്ത് വരെയുള്ളവർ ഇക്കരെ എത്താൻ പ്രധാനമായും ഉപയോഗിക്കുന്നത് പണിക്കർ കടവ് പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് പോകുന്ന ഇൻസുലേറ്റഡ് വാഹനങ്ങൾ ലാലാജി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പണിക്കർ കടവ് പാലം കടന്നാണ് അഴീക്കലിൽ എത്തുന്നത്. ചവറ ഐ.ആർ.ഇ കമ്പനിയുടെ കരിമണൽപ്പാടം പണ്ടാരതുരുത്ത് വെള്ളനാ തുരുത്ത് തുറകളിലാണ്. ഇവിടെ നിന്ന് ഖനനം ചെയ്യുന്ന കരിമണൽ ലോറികളിൽ കയറ്റി പണിക്കർ കടവ് പാലം വഴിയാണ് ചവറയിലുള്ള കമ്പനിയിൽ എത്തിക്കുന്നത്.പാലത്തിന്റെ ആദ്യ നാളുകളിൽ 5 ടൺ ഭാരമുള്ള സാധനങ്ങൾ മാത്രമാണ് പാലം വഴി വാഹനങ്ങളിൽ കൊണ്ട് പോയിരുന്നത്. ഇപ്പോൾ വലിയ ടിപ്പർ ലോറികളിൽ 18 ടണ്ണോളം കരിമണലാണ് പാലം വഴി കൊണ്ട് പോകുന്നത്. ഇത്രയും ഭാരം താങ്ങാനുള്ള കരുത്ത് പാലത്തിനില്ലെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധർ പറയുന്നത്. അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുണമെന്ന ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ പുറം തിരിഞ്ഞ സമീപനമാണ് ഉദ്യാേഗസ്ഥർ കാണിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നു.
പാലം കടലാക്രമണ ഭീഷണിയിലാണ്
ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തെക്കൻ മേഖലകളെ കരുനാഗപ്പള്ളി നഗരവുമായി ബന്ധിപ്പിക്കുന്ന പാലമെന്ന നിലയിൽ ഇതിന്റെ ബലത്തെ കുറിച്ച് ശാസ്ത്രീയമായ പഠനം അനിവാര്യമാണ്. ഇപ്പോൾ തന്നെ പാലം കടലാക്രമണ ഭീഷണിയിലാണ്. പാലവും കടലും തമ്മിൽ 25 മീറ്രറോളം മാത്രമാണ് അകലം.