gadndhi-
തെരുവിലെ നാല് അജ്ഞാത ജീവിതങ്ങൾക്ക് മോചനം നൽകി ഗാന്ധിഭവൻ

പത്തനാപുരം: കൊട്ടാരക്കര നഗരത്തിന്റെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നാല് പേരെ ഗാന്ധിഭവൻ ഏറ്റെടുത്തു. നടപ്പാതയിലും കടത്തിണ്ണകളിലുമിരുന്ന് ഭിക്ഷ യാചിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. നാളുകളായി കുളിക്കാതെ വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിച്ച് പട്ടിണികിടന്ന് മാലിന്യങ്ങൾ ഭക്ഷിച്ച് മലീമസമായ സ്ഥലങ്ങളിൽ കിടന്നുറങ്ങിയിരുന്ന ഇവരെ കൊട്ടാരക്കര നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കി ഇവരെ ഭിക്ഷാടനത്തിനും ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് നഗരസഭാ ചെയർമാൻ എ. ഷാജു പറഞ്ഞു. ഇവരെ കണ്ടെത്തിയ കൊട്ടാരക്കര പൊലീസ് എസ്.എച്ച്.ഒ. ജോസഫ് ലിയോൺ ഗാന്ധിഭവനുമായി ബന്ധപ്പെടുകയായിരുന്നു. മുരുകൻ, രാജൻ, സോമരാജൻ, വേണുഗോപാൽ എന്നീ പേരുകൾ പറയുന്ന ഇവർക്ക് ഏകദേശം 65 നും 85 നുമിടയിൽ പ്രായം തോന്നിക്കും. ഇതിൽ ലഹരിയ്ക്കടിമയായ ഒരാൾ ഗാന്ധിഭവനിലേക്കെത്തിക്കുന്നതിനിടെ അക്രമാസക്തനാവുകയും ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജിന്റെ നേതൃത്വത്തിൽ പുത്തൂർ ഗാന്ധിഭവൻ സായന്തനം കോഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സേവനപ്രവർത്തകരായ ജോളി ഫിലിപ്പ്, അഖിൽകൃഷ്ണ, അനു ദാസ്, നന്ദകുമാർ എന്നിവർ കൊട്ടാരക്കരയിലെത്തുകയും കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജുവിന്റെയും കൊട്ടാരക്കര എസ്.ഐ എ.ജി വാസുദേവൻ പിള്ളയുടെയും നേതൃത്വത്തിൽ ഇവരെ നാലുപേരെയും ഗാന്ധിഭവന് കൈമാറുകയും ചെയ്തു.