വാഴൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സന്യാസിനി മാതാജി ജഗന്മയി തീർത്ഥയ്ക്ക് (80) വാഴൂർ തീർത്ഥപാദാശ്രമത്തിൽ ആശ്രമവാസികളും ഭക്തരും അന്ത്യാഞ്ജലി അർപ്പിച്ചു.

കരുനാഗപ്പള്ളിയിൽ നിന്ന് ഭൗതികദേഹം ഇന്നലെ രാവിലെയാണ് ആശ്രമത്തിലെത്തിച്ചത്. മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദരും കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദരും മാതാജിയുടെ കൊച്ചുമക്കളും ചിതയിൽ അഗ്‌നി പകർന്നു.

പൂർവാശ്രമത്തിൽ കരുനാഗപ്പള്ളി ആദിനാട് തെങ്ങുംതറയിൽ (ശ്രീനിലയം) കുടുംബാംഗമായിരുന്ന മാധവിക്കുട്ടിയമ്മ പ്രയാർ ആർ.വി.എസ്.എം.ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. വിരമിച്ചതിന് ശേഷം 2008ലാണ് വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചത്.